
ന്യൂഡൽഹി: എയർഇന്ത്യയുടെ ഫുക്കെറ്റ്-ഡൽഹി വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് ഗുരുതരമായ ആശങ്കയാണെന്ന് ചൂണ്ടിക്കാട്ടിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡിജിസിഐയോട് ഉചിതമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു.
എയർബസ് എ320 വിമാനം 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ പച്ച, നീല, മഞ്ഞ എന്നീ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും മർദ്ദം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുന്നതിനും ഉയരവ്യതിയാനത്തിനും കാരണമായെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്.
ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് ഡിജിസിഐയോട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. വിമാനമിറങ്ങിയശേഷം രണ്ട് പൈലറ്റുമാരും ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരായിരുന്നെങ്കിലും അതിന്റെ ഫലം തൃപ്തികരമായിരുന്നു. എന്നാൽ, തുടർന്ന് നടത്തിയ ലഹരിവസ്തു പരിശോധനയിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ ലബോറട്ടറി രക്തപരിശോധനയിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.
145 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കൊൽക്കത്ത റീജിയണിൽ പ്രവേശിച്ചതിന് ശേഷമാണ് ഹൈഡ്രോളിക് സംവിധാനങ്ങളിൽ തകരാർ ഉണ്ടാകുകയും വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും ചെയ്തത്. ക്യാപ്റ്റൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ്, പൈലറ്റ് ഫ്‌ളയിങ് ആയിരുന്ന കോ-പൈലറ്റാണ് ഈ പ്രതിസന്ധിയോട് ആദ്യം പ്രതികരിച്ചത്. വിമാനം പെട്ടെന്നുതന്നെ നിയന്ത്രണത്തിലായെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യം ബ്ലൂ ഹൈഡ്രോളിക് സിസ്റ്റം പ്രവർത്തനക്ഷമമായി, കുറച്ച് സെക്കൻഡുകൾക്ക് ശേഷം, യെല്ലോ ഹൈഡ്രോളിക്, ഗ്രീൻ ഹൈഡ്രോളിക് സിസ്റ്റങ്ങളും പ്രവർത്തനക്ഷമമായി. തകരാർ സംഭവിച്ച് സെക്കൻഡുകൾക്കകംതന്നെ സാധാരണ ഫ്‌ളൈറ്റ് കൺട്രോൾ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. എന്നാൽ, യാത്രയ്ക്കിടയിൽ സീറ്റ് ബെൽറ്റ് ഊരിയതിനാൽ, പെട്ടെന്നുണ്ടായ ഈ കുലുക്കത്തിൽ യാത്രക്കാരും ജീവനക്കാരും ക്യാബിനിൽ തെറിച്ചുവീണു. നാല് ജീവനക്കാർ ഉൾപ്പെടെ 24 പേർക്ക് ലാൻഡിന് നടത്തിയ ശേഷം വൈദ്യസഹായം ആവശ്യമായി വന്നു. നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിന്റെ കാബിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. സീലിങ് പാനലുകൾ തകർന്നു, ഓവർഹെഡ് ബിന്നുകൾ ഇളകിമാറി, എമർജൻസി എക്‌സിറ്റ് ഹാൻഡിൽ ഒടിഞ്ഞു, ജീവനക്കാരുടെ ഇരിപ്പിടം വളഞ്ഞുപോവുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഫ്‌ളൈറ്റ് റെക്കോർഡർ ഡൗൺലോഡ് ചെയ്ത് വിശകലനം ചെയ്തുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Air India Phuket-Delhi flight experienced sudden altitude drop due to hydraulic system failure at 36,000 feet., Preliminary AAIB report confirmed the pilot-in-command tested positive for substances/drugs., 24 people, including 4 crew members, sustained injuries due to severe turbulence and cabin damage., AAIB has urged the DGCA to take strict and appropriate action against substance abuse.
Published: 04 Sept 2026, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented