ന്യൂഡൽഹി: ആധുനിക യുദ്ധമുറകളെയും ഭാവിയിലെ പ്രതിരോധതന്ത്രങ്ങളേയും പരിഷ്‌കരിക്കുന്ന മാറ്റങ്ങൾ വിശദീകരിച്ച് സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രമണി. ന്യൂഡൽഹിയിൽ നടന്ന എഎൻഐ നാഷണൽ സെക്യൂരിറ്റി സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വിലകുറഞ്ഞ ആയുധങ്ങളുടെയും ഡ്രോണുകളുടെയും വ്യാപകമായ ഉപയോഗം യുദ്ധത്തിന്റെ ചെലവുകളെ മാറ്റിമറിക്കുകയാണെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. 2500 ഡോളറോ 3000 ഡോളറോ മാത്രം വിലയുള്ള ഒരു ഡ്രോണിനെ വീഴ്ത്താൻ 10 ലക്ഷം ഡോളർ വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് രാജ്യങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയാണ്. വിലകുറഞ്ഞ ആയുധങ്ങൾക്ക് അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ തകർക്കാനുള്ള കഴിവ് വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ 'പേട്രിയറ്റ്' മിസൈലുകൾ അതിവേഗം തീർന്നുപോകുന്നതിനെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇവ വീണ്ടും നിർമ്മിച്ച് സംഭരിക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനാലാണ് കുറഞ്ഞ ചെലവിൽ വൻതോതിൽ നിർമ്മിക്കാവുന്ന സൈനിക ഉപകരണങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാവുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ, നിർണായക ധാതുക്കൾ എന്നിവയിലെ സാങ്കേതിക നിയന്ത്രണത്തിനായി അന്താരാഷ്ട്രതലത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിൽ അമേരിക്കയും ചൈനയുമാണ് ഈ സാങ്കേതിക മേഖലകളിൽ മുന്നിൽ നിൽക്കുന്നത്. സാമ്പത്തികമായും സൈനികമായും ശക്തിയാർജ്ജിക്കണമെങ്കിൽ ഇത്തരം നിർണായക സാങ്കേതികവിദ്യകളുടെ മേൽ രാജ്യങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കണം. ഈ വിടവ് നികത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് രാജ്യങ്ങളുള്ളത്. കാരണം സാമ്പത്തികമായും സൈനികമായും ശക്തമാകാൻ ആഗ്രഹിക്കുന്ന ഏത് രാജ്യത്തിനും അതിന് അടിത്തറയാകുന്ന നിർണായക സാങ്കേതികവിദ്യ നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യുദ്ധങ്ങൾ ഇനി പരമ്പരാഗത അതിർത്തികളിൽ മാത്രമായി ഒതുങ്ങിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ യുദ്ധരംഗത്ത് വരാൻ പോകുന്ന മറ്റൊരു മാറ്റം അതാണ്. യുദ്ധരംഗത്ത് മുൻനിര, പിൻനിര എന്ന തരംതിരിവുകൾ ഇല്ലാതായിക്കഴിഞ്ഞു. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രദേശവും യുദ്ധക്കളമായി മാറാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. വ്യവസായങ്ങൾ, ഊർജ്ജ വിതരണ കേന്ദ്രങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ, ഡാറ്റാ കേന്ദ്രങ്ങൾ, സാധാരണ പൗരന്മാർ എന്നിവരെല്ലാം യുദ്ധത്തിൽ ആക്രമണഭീഷണിയിലാണ്. അതിനാൽ ആർക്കും സമ്പൂർണ്ണ സുരക്ഷിതത്വം അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.