ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ബിജെപിയും മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദളും വീണ്ടും ഒന്നിക്കുന്നു. ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഗുരുനാനാക് ജയന്തിയുടെ സമയത്ത് ഉണ്ടായേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

To advertise here,

ആകെ 117 നിയമസഭാ സീറ്റുകളുള്ള പഞ്ചാബിൽ ബി.ജെ.പി. 48 സീറ്റുകളിൽവരെ മത്സരിക്കുമെന്നാണ് സൂചന. ഒരു മുന്നണിയായി മുൻകാലങ്ങളിൽ ശിരോമണി അകാലിദളാണ് ഭൂരിപക്ഷം സീറ്റുകളിൽ മത്സരിച്ചിരുന്നത്. ഇതാദ്യമായിട്ടാണ് സഖ്യത്തിന്റെ ഭാഗമായി ബിജെപി 47, 48 സീറ്റുകളിൽ മത്സരിക്കാൻ ഒരുങ്ങുന്നത്‌. ഇരുപാർട്ടികളും ഒന്നിച്ച് മത്സരിച്ച 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അകാലിദൾ 94 സീറ്റിലും ബി.ജെ.പി. 23 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. 

സഖ്യം സംബന്ധിച്ച് ചില വിഷയങ്ങളിൽ കൂടി സമവായത്തിലെത്താനുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് മുൻപുള്ള ഈ നീക്കത്തിൽ ബി.ജെ.പി.യിലെ ഒരുവിഭാഗം തൃപ്തരല്ലെന്നാണ് പുറത്തുവരുന്ന വിവരം. സഖ്യത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പാർട്ടിയിലുണ്ടെന്നാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനും മുതിർന്ന ബി.ജെ.പി. നേതാവുമായ ഹർജിത് ഗ്രെവാൾ സഖ്യനീക്കത്തെപ്പറ്റി പ്രതികരിച്ചത്. 40-50 വർഷമായി പാർട്ടിക്കൊപ്പം നിൽക്കുന്ന പഴയ നേതാക്കൾ ഇതിനെ എതിർക്കുന്നുവെന്നും രണ്ട് അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പഞ്ചാബ് സന്ദർശിച്ച് ചർച്ചകൾ നടത്തും. ഒക്ടോബർ അവസാനത്തിൽ ഡൽഹിയിൽ യമുനാ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിന്റെ സൂചന നൽകിയിരുന്നു. 2027-ൽ സംസ്ഥാനത്ത് എൻ.ഡി.എ. സർക്കാർ ഉണ്ടാകുമെന്നാണ് അമിത് ഷാ പറഞ്ഞത്. 'ബി.ജെ.പി. സർക്കാർ' എന്ന് പറയുന്നതിന് പകരം 'എൻ.ഡി.എ. സർക്കാർ' എന്ന് അമിത് ഷാ പ്രയോഗിച്ചതും ഈ സഖ്യസാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

24 വർഷത്തെ സഖ്യത്തിനുശേഷം 2020-ലാണ് അകാലിദളും ബി.ജെ.പി.യും വഴിപിരിഞ്ഞത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളിലുള്ള വിയോജിപ്പ് കാരണമായിരുന്നു അകാലിദൾ ബി.ജെ.പി. സഖ്യം ഉപേക്ഷിച്ചത്. പിരിഞ്ഞുപോയതിനുശേഷം 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാൽ മുൻ ഉപമുഖ്യമന്ത്രിയും അകാലിദൾ പ്രസിഡന്റുമായ സുഖ്ബീർ സിങ് ബാദൽ ബി.ജെ.പി.യുടെ മുതിർന്ന നേതൃത്വവുമായി സഖ്യത്തിനായി പലതവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും ബി.ജെ.പി. തുടക്കത്തിൽ അതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല.