ചെന്നൈ: ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്ത് രൂപം കൊണ്ട ന്യൂനമർദം തിങ്കളാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനു സമീപത്ത് കരയിൽ കടക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അക്വാൻ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ന്യൂനമർദം ഞായറാഴ്ച വൈകീട്ടോടെ അതിതീവ്ര ന്യൂനമർദമായി മാറി. അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ മാത്രമേ ഏതു ഭാഗത്തുകൂടെയാണ് കരയിൽ കടക്കുകയെന്ന് പറയാൻ കഴിയുകയുള്ളു.

To advertise here,

18, 19 തീയതികളിൽ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലും പടിഞ്ഞാറൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് അറിയിച്ചു. ഈ ദിവസങ്ങളിൽ ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം,തിരുവള്ളൂർ എന്നീജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കരയിൽ കടക്കുമ്പോൾ മണിക്കൂറിൽ 100-നും 110-നുമിടയിൽ കിലോമീറ്റർ വേഗമുണ്ടാകുമെന്നും അക്വാൻ കര കടന്നാൽ ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.