ന്യൂഡൽഹി: രാജ്യത്ത് സ്വർണ ഇറക്കുമതിയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനായി ആഭ്യന്തര ഖനനവും പര്യവേക്ഷണവും ശക്തമാക്കാൻ ലക്ഷ്യമിട്ട് നീതി ആയോഗ് സമഗ്രമായ നയരേഖ തയ്യാറാക്കുന്നു. വിദേശ രാജ്യങ്ങളിൽനിന്നുള്ള സ്വർണ ഇറക്കുമതി വർഷംതോറും ഉയർന്ന തോതിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കേന്ദ്രസർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്.

To advertise here,

പുതിയ നയരേഖയനുസരിച്ച് സ്വർണ ഖനന മേഖലയ്ക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാൻ ശുപാർശചെയ്യും. കൂടാതെ, ദീർഘകാല ഖനന അവകാശങ്ങൾ നൽകൽ, ബിഡ്ഡർമാർക്ക് പ്രത്യേക റേറ്റിങ് ഏർപ്പെടുത്തൽ തുടങ്ങിയ നിയന്ത്രണപരമായ മാറ്റങ്ങളും നയരേഖയുടെ ഭാഗമാകും. കമ്പനികളുടെ സാങ്കേതിക മികവ് ഉറപ്പാക്കാനും സ്വർണ വിഭവങ്ങൾ സുസ്ഥിരമായി വികസിപ്പിക്കാനും ഇത്തരം റേറ്റിങ് സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ രാജ്യത്ത് സ്വർണഖനനം പ്രതീക്ഷിച്ച രീതിയിൽ വേഗത്തിലാകാത്തതിന് പ്രധാന കാരണം ചില സാങ്കേതികവും നയപരവുമായ തടസ്സങ്ങളാണ്. ഡാറ്റയിലുള്ള കുറവുകൾ, പരിമിതമായ പര്യവേക്ഷണം, പദ്ധതികൾ പൂർത്തിയാക്കാൻ വേണ്ടിവരുന്ന ദീർഘകാലയളവ്, ലേലത്തിലെ പരിമിതികൾ, പദ്ധതികളുടെ സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിക്ഷേപകർ മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ച നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരിയുടെ അധ്യക്ഷതയിൽ ഇതുസംബന്ധിച്ച കരട് റിപ്പോർട്ട് ചർച്ച ചെയ്തിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ പിന്തുണയോടെ പെഹ്‌ലെ ഇന്ത്യ ഫൗണ്ടേഷൻ തയ്യാറാക്കിയ ‘ഇന്ത്യാസ് ഗോൾഡ് മൈനിങ് പോളിസി: ചലഞ്ചസ്, ലേണിങ് ആന്റ് ദി റോഡ് അഹെഡ്’ എന്ന റിപ്പോർട്ടിലെ ശിപാർശകൾ ദേശീയ നയത്തിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആലോചന.

കണക്കുകൾ പ്രകാരം ഇന്ത്യയിൽ 501 ദശലക്ഷം മുതൽ 518 ദശലക്ഷം ടൺവരെ പ്രാഥമിക സ്വർണ അയിര് ശേഖരമുണ്ട്. ഇത് ഏകദേശം 600 മുതൽ 607 ടൺ വരെ പ്രാഥമിക സ്വർണ ലോഹത്തിന് തുല്യമാണ്. ബീഹാർ (44%-45% ഏറ്റവും ഉയർന്ന ശേഖരം), രാജസ്ഥാൻ (25%), കർണാടക (21%), പശ്ചിമ ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ഝാർഖണ്ഡ് (2 %) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ സ്വർണ ശേഖരത്തിൽ അധികവും.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴേക്ക് താഴ്ന്നതിനെത്തുടർന്ന്, 2026 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 39.9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിലുണ്ടായിരുന്ന 41.24 ശതകോടി ഡോളറിൽനിന്ന് ഇറക്കുമതി 24.78 ശതകോടി ഡോളറായാണ് കുറഞ്ഞത്. എങ്കിലും ആഗോള സ്വർണ ഇറക്കുമതി മൂല്യത്തിന്റെ 6.7 ശതമാനം മുതൽ 9 ശതമാനത്തിലധികംവരെ പങ്കുവഹിക്കുന്ന ഇന്ത്യ, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി തുടരുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 71.98 ശതകോടി ഡോളറെന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു (800 ടണ്ണിലധികം). ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സ്വർണം കയറ്റി അയക്കുന്നത് സ്വിറ്റ്‌സർലൻഡ് ആണ്. ഇന്ത്യയുടെ ആകെ സ്വർണ ഇറക്കുമതിയുടെ 34 ശതമാനം മുതൽ 40 ശതമാനംവരെ സ്വിറ്റ്‌സർലൻഡിൽനിന്നാണ്.