ന്യൂഡല്‍ഹി: ഹരിയാണയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടി മൂന്നാം ദിവസവും തുടരുന്നു. നൂഹ് ജില്ലയില്‍ ശനിയാഴ്ച രാവിലെ ഇരുപതിലേറെ മെഡിക്കല്‍ ഷോപ്പുകളും മറ്റു കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാർ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ചാണ് നടപടി.

To advertise here,

നല്‍ഹാറിലെ ഷഹീദ് ഹസന്‍ ഖാന്‍ മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ കടകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ടത്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ഷോപ്പുകളാണ് തകര്‍ത്തത്. ഇവ കൂടാതെ ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മറ്റു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ നൂഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടൗറുവിലെ കുടിയേറ്റക്കാരുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യടക്കിയതിനെതിരേയുള്ള ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.

സംസ്ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മനോഹര്‍ ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും ആരോപിച്ചിരുന്നു. അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്. പോലീസ്, പാരാമിലിട്ടറി വിഭാഗങ്ങളെയടക്കം വിന്യസിച്ച് വന്‍ സുരക്ഷയൊരുക്കിയാണ് പൊളിക്കല്‍.

വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തടയാന്‍ ഒരുവിഭാഗം നടത്തിയ ശ്രമമാണ് ഹരിയാണയില്‍ കലാപത്തിന് വഴിവെച്ചതെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതിനേത്തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 202 പേരെ അറസ്റ്റ് ചെയ്യുകയും 80 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.