മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന കേസിൽ പ്രതിയായ യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അമരാവതിയിലെ പറാത്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീറിന്റെ വീടിന് നേരേയാണ് ബുൾഡോസർ നടപടിയുണ്ടായത്. അനധികൃതമായി നിർമിച്ച വീടിന്റെ ഒരുഭാഗമാണ് പൊളിച്ചുകളഞ്ഞതെന്ന് അച്ചൽപുർ മുനിസിപ്പൽ കൗൺസിൽ അധികൃതർ പറഞ്ഞു.

To advertise here,

അനധികൃതമായാണ് വീടിന്റെ ഒരുഭാഗത്തെ നിർമാണം നടത്തിയതെന്ന് കാണിച്ച് തൻവീറിന്റെ കുടുംബത്തിന് നേരത്തേ തന്നെ നോട്ടീസ് നൽകിയിരുന്നതായാണ് മുനിസിപ്പൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞദിവസം പെൺകുട്ടികളെ ചൂഷണംചെയ്‌തെന്ന കേസിൽ തൻവീർ അറസ്റ്റിലായതിന് പിന്നാലെയാണ് മുനിസിപ്പൽ അധികൃതർ വീട് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമാണം തകർത്തത്. ബിജെപി എംഎൽഎ പ്രവീൺ തായഡെയും സ്ഥലത്തുണ്ടായിരുന്നു.

180-ഓളം പെൺകുട്ടികളെ പ്രണയക്കെണിയിൽ കുരുക്കി ലൈംഗികമായി ചൂഷണംചെയ്‌തെന്ന കേസിലാണ് 19-കാരനായ തൻവീറിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തത്. ഇയാളുടെ പക്കൽനിന്ന് പെൺകുട്ടികൾക്കൊപ്പമുള്ള 350-ഓളം അശ്ലീലവീഡിയോകൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിക്കുന്ന യുവാവ്, ഇവരെ മുംബൈയിലും പൂണെയിലും എത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പെൺകുട്ടികൾക്കൊപ്പമുള്ള നിരവധി സ്വകാര്യദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയുണ്ട്.

തൻവീറിന്റെ ചില അശ്ലീലവീഡിയോകൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്. ബിജെപി എംപി അനിൽ ബോണ്ഡെയും വിഷയത്തിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തത്.

സ്‌നാപ്പ്ചാറ്റിലൂടെയും വാട്‌സാപ്പിലൂടെയുമാണ് തൻവീർ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് വിവരം. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കും. തുടർന്ന് ഇവരെ മുംബൈയിലെയും പൂണെയിലെയും ഹോട്ടലുകളിലേക്ക് കൊണ്ടുപോകും. ഇവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവർക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തുകയുംചെയ്യും. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം, അറസ്റ്റിലായ തൻവീർ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ ഭാരവാഹിയാണെന്നും ആരോപണമുണ്ട്. ഇയാളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ പാർട്ടിയുടെ അമരാവതിയിലെ നേതാവ് ഹാജി ഇർഫാൻ ഖാനൊപ്പമുള്ള ചിത്രവും ഒട്ടേറെ പാർട്ടി റാലികളുടെ വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികളെ ചൂഷണംചെയ്‌തെന്ന കേസ് പുറത്തുവന്നതോടെ ഇത്തരം വീഡിയോകൾ അക്കൗണ്ടിൽനിന്ന് നീക്കംചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

അതേസമയം, അറസ്റ്റിലായ തൻവീറിന് എഐഎംഐഎമ്മുമായി ബന്ധമില്ലെന്ന് പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സയ്യിദ് മുജീബ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യംചെയ്യാൻ തൻവീറിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, അയാൾ അക്കാര്യത്തിൽ വീഴ്ചവരുത്തി. തുടർന്ന് തൻവീറിനെ ഈ ചുമതലയിൽനിന്ന് ഔദ്യോഗികമായി തന്നെ നീക്കംചെയ്തിരുന്നതായും ഇയാൾ പാർട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും സയ്യിദ് മുജീബ് വ്യക്തമാക്കി.