ബെംഗളൂരു : യെലഹങ്കയ്ക്ക് പിന്നാലെ ബെംഗളൂരുവിൽ മറ്റൊരിടത്തുകൂടി കുടിയൊഴിപ്പിക്കൽ നടപടി. നോർത്ത് ബെംഗളൂരുവിലെ താനിസാന്ദ്രയിലുള്ള എസ്ആർകെ നഗറിലുള്ള വീടുകളാണ് ബെംഗളൂരു ഡിവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഇടിച്ചുനിരത്തിയത്. സർക്കാർഭൂമി കൈയേറി നിർമിച്ച 22 കെട്ടിടങ്ങളിലായി താമസിച്ചിരുന്ന 60-ല്പരം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്.
നോട്ടീസ്‌പോലും നൽകാതെയാണ് ഒഴിപ്പിച്ചതെന്ന് ഇവിടെ താമസിച്ചിരുന്നവർ പറഞ്ഞു. ബിഡിഎയുടെ സ്ഥലമായതിനാൽ നോട്ടീസ് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ഒഴിപ്പിക്കപ്പെട്ടവർക്ക് ഹെഗ്‌ഡേ നഗറിലെ കമ്യൂണിറ്റി ഹാളിൽ താത്കാലികമായി താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ശൗചാലയം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബിഡിഎ അധികൃതർ അറിയിച്ചു. എന്നാൽ, പലരും ഒഴിപ്പിക്കപ്പെട്ട സ്ഥലത്തുനിന്നു മാറാൻ തയ്യാറായിട്ടില്ല.
കൈയേറിയ രണ്ട് ഏക്കറോളം സ്ഥലത്ത് വീടുകൾ വിലയ്ക്കുവാങ്ങിയവരും വാടകയ്ക്ക് താമസിക്കുന്നവരും ഉണ്ട്. ഇവരെയെല്ലാം ഒഴിപ്പിച്ചു. അഞ്ചുവർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരാണ് ഭൂരിപക്ഷവും. ബിഡിഎയുടെ സ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
2004-ൽ മുനിസൊന്നഗൗഡ എന്നയാളിൽനിന്നാണ് ബിഡിഎ ഇൗ സ്ഥലം ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തതിനെ എതിർത്ത് ഗൗഡ അടക്കം 30 പേർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി നിർദേശപ്രകാരം നിയോഗിച്ച സമിതി 2023-ൽ സ്ഥലം ബിഡിഎയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഒഴിപ്പിക്കൽ ആരംഭിച്ചത്. കെട്ടിടങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ വെള്ളിയാഴ്ചയും തുടർന്നു.
സ്ഥലം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഒഴിപ്പിക്കപ്പെട്ടവരിൽ ചിലർ അവകാശപ്പെട്ടു. 50 ലക്ഷത്തിലേറെ രൂപ നൽകിയാണ് ഇവിടെ വീട് വാങ്ങിയതെന്ന് ഒരു കുടുംബം പറഞ്ഞു. സ്വത്ത് നികുതി അടയ്ക്കുന്നതാണെന്നും ഇവർ പറയുന്നു. കൈയേറിയവരിൽനിന്നുവാങ്ങിയ സ്ഥലത്തിന് ഉടമസ്ഥത ലഭിക്കില്ലെന്നാണ് ബിഡിഎയുടെ വാദം.
Content Highlights: Bangalore Development Authority (BDA) demolishes 22 illegal structures in SRK Nagar, Thanisandra, displacing over 60 families. Authorities cite land encroachment.
Published: 10 Jan 2026, 12:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented