ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടിയില്‍ ആഗോള ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചതായി കേന്ദ്രം. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.ഒ.എ. പ്രസിഡന്റ് പി.ടി. ഉഷയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രകായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

To advertise here,

പേഴ്‌സണല്‍ സ്റ്റാഫടക്കം സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഫോഗട്ടിന് നല്‍കിയിട്ടുണ്ടെന്ന് സഭയെ മന്ത്രി അറിയിച്ചു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിന്റെ നിയമപ്രകാരം മത്സരം നടക്കുന്ന ദിവസം രാവിലെ ഭാരപരിശോധന നടത്തും. ബുധനാഴ്ച പാരീസ് സമയം 7.15-നും 7.30-നും ഇടയില്‍ നടത്തിയ പരിശോധനയില്‍ ഫോഗട്ടിന്റെ ഭാരം 50 കിലോയും 100 ഗ്രാമുമാണെന്ന് കണ്ടെത്തി. ഇതിനാലാണ് അയോഗ്യയായി പ്രഖ്യാപിച്ചെതന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയില്‍ തൃപ്തരല്ലെന്ന് അറിയിച്ച് പ്രതിപക്ഷ എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വാക്ക് ഔട്ട് നടത്തിയ പ്രതിപക്ഷം പാര്‍ലമെന്റിന്റെ മകര്‍ ദ്വാരില്‍ പ്രതിഷേധിച്ചു.