കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംഎൽഎയുമായിരുന്ന മനോജ് തിവാരി. ഹൗറയിലെ ശിബ്പുർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആയിരുന്ന മനോജ് തിവാരിയോട് വീണ്ടും മത്സരിക്കുന്നതിന് അഞ്ച് കോടി രൂപ തൃണമൂൽ ആവശ്യപ്പെട്ടതായും ഇത് നൽകാൻ വിസമ്മതിച്ചതോടെ ടിക്കറ്റ് നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു. മമതാ ബാനർജി സർക്കാർ കായിക സഹമന്ത്രി കൂടിയായിരുന്നു മനോജ് തിവാരി. തൃണമൂൽ കോൺഗ്രസിലെ തന്റെ ചാപ്റ്റർ അവസാനിച്ചതായും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'നോക്കൂ, ഈ നാടകീയമായ പരാജയത്തിൽ എനിക്ക് ഒട്ടും അതിശയമില്ല. ഒരു പാർട്ടി മുഴുവനായും അഴിമതിയിൽ മുഴുകുകയും ഒരു മേഖലയിലും വികസനം നടക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കും' മനോജ് തിവാരി പറഞ്ഞു.
'കൂടുതൽ പണം നൽകുന്നവർക്ക് മാത്രമേ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നുള്ളൂ. ഏകദേശം 70-72 സ്ഥാനാർത്ഥികൾ ടിക്കറ്റ് കിട്ടാൻ അഞ്ച് കോടി രൂപയോളം നൽകി. എന്നോടും ചോദിച്ചിരുന്നു, പക്ഷേ ഞാൻ പണം നൽകാൻ വിസമ്മതിച്ചു. പണം നൽകിയവരിൽ എത്രപേർ വിജയിച്ചുവെന്ന് പരിശോധിക്കുക' അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ആ അധ്യായം അടഞ്ഞുവെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു.
2019-ൽ തൃണമൂൽ ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിബ്പുരിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത്.
'അന്ന് ഞാൻ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി കളിക്കുകയും രഞ്ജി ട്രോഫിയിൽ സജീവവുമായിരുന്നു. അപ്പോഴാണ് ദീദി (മമത) എന്നോട് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ വിനയത്തോടെ നിരസിച്ചു, പക്ഷേ 2021 ലെ തിരഞ്ഞെടുപ്പിന് മുമ്പ്, ദീദി വീണ്ടും വിളിച്ച് എന്നോട് പറഞ്ഞു, 'മനോജ്, നിനക്കൊരു സന്ദേശമുണ്ട്, അത് അരൂപ് നിനക്ക് പറഞ്ഞുതരും'. എന്നോട് ശിബ്പുരിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടു, എനിക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ കരുതി.വികസന പ്രവർത്തനങ്ങൾക്കായി സ്വന്തം പണമെടുത്തു' മനോജ് തിവാരി പറഞ്ഞു.
Content Highlights: Manoj Tiwary claims TMC demanded 5 crore for an election ticket., He refused to pay, leading to the denial of his candidature
Published: 06 May 2026, 03:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented