ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്ത്' (Mann Ki Baat) 12 വർഷം പൂർത്തിയാക്കി. പരിപാടിയുടെ 139-ാം പതിപ്പിൽ സംസാരിക്കവേ, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കഠിനാധ്വാനത്തെയും സേവനമനോഭാവത്തെയും അടുത്തറിയാനും ആദരിക്കാനും സഹായിച്ച ഈ റേഡിയോ യാത്ര തനിക്ക് ഒരു തീർത്ഥാടനത്തിന് സമമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

To advertise here,

12 വർഷങ്ങൾക്ക് മുൻപ് ഒരു വിജയദശമി ദിനത്തിലാണ് ‘മൻ കീ ബാത്ത്’ സംപ്രേഷണം ആരംഭിച്ചത്. അന്നുമുതൽ തടസ്സങ്ങളില്ലാതെ തുടരുന്ന ഈ യാത്രയിൽ തനിക്കൊപ്പം സഞ്ചരിച്ച കേൾവിക്കാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ദീപാവലിയും ഛാഠ് പൂജയും അടുത്തിരിക്കെ പരിസരങ്ങൾ ശുചിയായി സൂക്ഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതും ജലസ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കുന്നതും പൂർവ്വികർ കൈമാറിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാളിൽ പ്രദേശവാസികൾ ഒന്നിച്ചുചേർന്ന് ഗംഗയുടെ പോഷകനദിയായ ഹേവലിനെ പുനരുജ്ജീവിപ്പിച്ച ജനകീയ കൂട്ടായ്മയെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ സമൂഹത്തിനുള്ള പങ്കിന് ഉത്തമോദാഹരണമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.