കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇരുന്നൂറിലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരത്തിൽവരുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടെണ്ണലിന് മുൻപായി വീഡിയോ കോൺഫറൻസ് വഴി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ തള്ളിയ മമത, അത് സ്‌റ്റോക്ക് മാർക്കറ്റുകളെ സ്വാധീനിക്കാനുള്ള നീക്കം മാത്രമാണെന്ന് ആരോപിച്ചു.

To advertise here,

ബംഗാളിൽ വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിൽവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് മമത പാർട്ടി പ്രവർത്തകരോട് സംസാരിച്ചത്. ഞങ്ങൾ 200-ൽ അധികം സീറ്റുകളിൽ വിജയിക്കും. സംസ്ഥാനത്ത് ബിജെപി ഭരണം പിടിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ സ്റ്റോക്ക് മാർക്കറ്റിനെ സ്വാധീനിക്കാനുള്ള ഒരു ശ്രമം മാത്രമാണ്. 2021, 2024 വർഷങ്ങളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു, മമത പറഞ്ഞു.

തൃണമൂൽ പ്രവർത്തകർക്കുനേരെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്) ക്രൂരത കാട്ടിയെന്നും ഇത് നേരിടേണ്ടിവന്ന പ്രവർത്തകർക്ക് പാർട്ടി ധനസഹായം നൽകുമെന്നും മമത കൂട്ടിച്ചേർത്തു.

ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. പി മാർക്, ചാണക്യ സ്ട്രാറ്റജീസ്, പോൾ ഡയറി, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് എക്‌സിറ്റ് പോളിൽ തൃണമൂൽ അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുന്നത്.