മുംബൈ; മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് ഭക്ഷ്യസാധനങ്ങളുടെ വിലത്തകര്‍ച്ച. കരിമ്പിനും ഉള്ളിക്കും പാലിനും പുറമേ ഇപ്പോഴിതാ സോയാബീനിന്റെ വിലയിടിഞ്ഞതാണ് ചര്‍ച്ചയാകുന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വിഷയം സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

To advertise here,

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡാ, വിദര്‍ഭ മേഖലകളിലാണ് പ്രധാനമായും സോയാബീന്‍ കൃഷി ചെയ്യുന്നത്. ഖാരിഫ് സീസണില്‍ 50.36 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കര്‍ഷകര്‍ കൃഷി ചെയ്യാനാരംഭിച്ചത്. എന്നാല്‍ വിളവെടുപ്പ് അടുത്തിരിക്കേ സോയാബീനിന്റെ വിലയിടിഞ്ഞത് കര്‍ഷകര്‍ക്കിടയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

വിപണിയില്‍ ഒരു ക്വിന്റല്‍ സോയാബീനിന് ഇപ്പോള്‍ 4300 രൂപ മുതല്‍ 4350 രൂപ വരെയാണ് മൊത്ത സംഭരണ വില. കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ വിലക്കുറവുണ്ട്. 2023 ല്‍ 4900 രൂപ വരെയും 2022 ല്‍ 6000 രൂപ വരേയും ലഭിച്ചിരുന്നു.

ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ എണ്ണ കുറഞ്ഞ നിരക്കില്‍ ഇറക്കുമതിചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് കര്‍ഷകര്‍ പറയുന്നു. വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളമെന്നാണ് ആവശ്യം. കര്‍ഷകര്‍ കൂടുതലായുള്ള മറാത്താ വിഭാഗത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്നാലെ കാര്‍ഷിക വിലത്തകര്‍ച്ചയും സംസ്ഥാനരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയേക്കും. കോണ്‍ഗ്രസും എന്‍.സി.പിയും (ശരദ് പവാര്‍ പക്ഷം) വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. 

നിര്‍ണായകമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എന്തുവില കൊടുത്തും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിന്ദേ സര്‍ക്കാര്‍ നീങ്ങുന്നത്. ഇന്ത്യ മുന്നണിയും എന്‍.ഡി.എയും തമ്മിലുള്ള മത്സരം എന്നതിലുപരി ഇരുശിവസേനകളില്‍ ഏതിനാണ് ശക്തിയെന്ന് തെളിയിക്കുന്ന പരീക്ഷ കൂടിയാണ് തിരഞ്ഞെടുപ്പ്. രണ്ട് എന്‍.സി.പികളുടേയും പരീക്ഷയാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുകയെന്നതാണ് ഷിന്ദേ പക്ഷം ശിവസേനയുടേയും അജിത് പവാറിന്റെ എന്‍.സി.പിയുടേയും ലക്ഷ്യം.