ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ ബരാക് പ്രതിരോധ മിസൈൽ സംവിധാനം പരിഷ്‌കരിക്കാൻ ഇസ്രായേലുമായി കരാറിലെത്തി ഇന്ത്യൻ പ്രതിരോധമന്ത്രാലയം. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി 1976.4 കോടിയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.

To advertise here,

ഇസ്രായേലിലെ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളായ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ചേർന്നാണ് ബരാക് സംവിധാനം വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഘടിപ്പിച്ചിട്ടുള്ള ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ ഹാർഡ്വെയറും സോഫ്റ്റ്വെയറും അപ്ഗ്രേഡ് ചെയ്യുന്നതിനും, കാലപ്പഴക്കം പരിഹരിച്ച് സംവിധാനം നവീകരിക്കുന്നതിനുമായാണ് ഈ കരാർ.

മിസൈലുകൾ ഉൾപ്പെടെയുള്ള ശത്രുക്കളുടെ വ്യോമാക്രമണ ഭീഷണികളിൽനിന്ന് നാവികസേനാ കപ്പലുകളെ സുരക്ഷിതമാക്കാനും, ബരാക് സിസ്റ്റത്തിന്റെ റേഞ്ചും പ്രതിരോധ ശേഷിയും വർധിപ്പിക്കാനും ഈ പരിഷ്‌കാരം സഹായിക്കും. മിസൈൽ-വ്യോമ സാങ്കേതികവിദ്യകളിൽ വരുന്ന ആധുനിക മാറ്റങ്ങൾക്കനുസരിച്ച് നാവികസേനയുടെ കപ്പലുകളെ സജ്ജമാക്കി നിർത്താൻ ഇത് സഹായിക്കും.

പോയിന്റ് ഡിഫൻസ് സംരക്ഷണമാണ് ബരാക് സിസ്റ്റം പ്രധാനമായും നൽകുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തെയോ (കപ്പൽ, കെട്ടിടം, സൈനിക താവളം, ടാങ്ക് തുടങ്ങിയവ) ചെറിയ പ്രദേശത്തെയോ മിസൈലുകൾ, ഡ്രോണുകൾ, വിമാനങ്ങൾ തുടങ്ങിയ ആക്രമണങ്ങളിൽ നിന്ന് നേരിട്ട് സംരക്ഷിക്കുന്ന പ്രതിരോധ സംവിധാനമാണ് പോയിന്റ് ഡിഫൻസ്. 

വ്യോമ ഭീഷണികളിൽ നിന്നും നാവികസേനാ കപ്പലുകളെ നിമിഷനേരംകൊണ്ട് സുരക്ഷിതമാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഈ പ്രതിരോധസംവിധാനം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2025ൽ തന്നെ തീരുമാനമെടുത്തിരുന്നു. അതിന്റെ തുടർനടപടിയാണ് ഈ കരാർ. സമുദ്ര സുരക്ഷയിൽ മിസൈൽ ഭീഷണികളും ഡ്രോൺ ആക്രമണങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ യുദ്ധക്കപ്പലുകളുടെ പ്രതിരോധം ശക്തമാക്കുക എന്നത് നിർണ്ണായകമാണ്.