ന്യൂഡൽഹി: പി.എഫ്. അംഗങ്ങളുടെ ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലെ കേസുകൾ തങ്ങൾക്കനുകൂലമായി തീർപ്പാക്കാൻ ഇ.പി.എഫ്.ഒ. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) സമഗ്രപദ്ധതി തയ്യാറാക്കി.

To advertise here,

ഉയർന്ന പെൻഷന് വഴിവെച്ച സുപ്രീംകോടതിയുടെ 2022-ലെ വിധിയെത്തുടർന്ന് പെൻഷൻ കണക്കാക്കുന്ന പ്രോറേറ്റാ രീതിയുൾപ്പെടെ കേന്ദ്രവുമായി ആലോചിച്ചാണ് തീരുമാനിച്ചതെന്നാണ് ഇ.പി.എഫ്.ഒ.യുടെ ന്യായം. വ്യാഴാഴ്ച നടക്കുന്ന ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമുള്ള കേസുകളെ നേരിടാനുള്ള സമഗ്രപദ്ധതിയും ചർച്ച ചെയ്യും.

ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട 99 ശതമാനം അപേക്ഷകളും തീർപ്പാക്കിയെങ്കിലും തുടർച്ചയായി വരുന്ന കേസുകൾ വെല്ലുവിളിയാണെന്ന് ഇ.പി.എഫ്.ഒ. വിലയിരുത്തുന്നു. വിവിധ ഹൈക്കോടതികളിലായി 2871 കേസാണുള്ളത്. പി.എഫ്. സ്വന്തമായി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ ട്രസ്റ്റ് ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ ഉയർന്ന പെൻഷനുള്ള അപേക്ഷകൾ തള്ളൽ, പെൻഷൻ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പ്രോറേറ്റാ ഫോർമുല, ഓപ്ഷൻ നൽകാതെ 2014 സെപ്റ്റംബർ ഒന്നിനുമുൻപ് വിരമിച്ചവരുടെ അപേക്ഷ തള്ളൽ, 2016-ലെ ആർ.സി. ഗുപ്ത കേസ് വിധിയെത്തുടർന്ന് ലഭിച്ചുവന്ന ഉയർന്ന പെൻഷൻ 2022-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർത്തലാക്കൽ എന്നിവ സംബന്ധിച്ച കേസുകളാണ് ഹൈക്കോടതികളിലുള്ളത്.

കേസുകളെ നേരിടാനുള്ള തന്ത്രങ്ങൾ തയ്യാറാക്കുന്നതിന് ഫെബ്രുവരി രണ്ടിന് ഇ.പി.എഫ്.ഒ. പ്രത്യേക ശില്പശാല നടത്തി. സുപ്രീംകോടതിയിലെ ഇ.പി.എഫ്.ഒ.യുടെ അഭിഭാഷകനും വിവിധ സോണുകളിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത് ഫീൽഡ് ഓഫീസർമാർക്ക് നിർദേശങ്ങളും നൽകി.

ഓപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന 2016-ലെ ആർ.സി. ഗുപ്ത വിധിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെപ്പേർക്ക് ഉയർന്ന പെൻഷൻ ലഭിച്ചുവന്നിരുന്നത് 2022-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് നിർത്തലാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയിലുൾപ്പെടെ ഈ വിധിയുമായി ബന്ധപ്പെട്ട് പെൻഷൻകാർക്ക് അനുകൂലമായിവന്ന തീരുമാനങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഇ.പി.എഫ്.ഒ. നിർദേശിച്ചു.

പ്രോറേറ്റാ രീതി പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ഇ.പി.എഫ്.ഒ.യുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തു. കൽക്കട്ട ഹൈക്കോടതിയും പ്രോറേറ്റ റദ്ദാക്കിയതിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.