മുംബൈ: 180-ലധികംപേരുടെ മരണത്തിനിടയാക്കിയ 7/11 മുംബൈ ട്രെയിൻ സ്ഫോടനപരമ്പരയിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനസർക്കാർ വിലയിരുത്തിയശേഷം സുപ്രീംകോടതിയിൽ അപ്പീൽ നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര റവന്യൂമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. 2006 ജൂലായ് 11-ന് വിവിധസ്ഥലങ്ങളിലായി നടന്ന ഏഴ് സ്ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പത്തൊൻപത് വർഷങ്ങൾക്കുശേഷം, തിങ്കളാഴ്ച ബോംബെ ഹൈക്കോടതി 12 പ്രതികളെയും കുറ്റവിമുക്തരാക്കി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും അവർ കുറ്റകൃത്യംചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ വിധിവിലയിരുത്തും. കുറ്റവിമുക്തരാക്കാനുള്ള കാരണങ്ങൾ ചർച്ചചെയ്യും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഇതുപരിശോധിക്കും. വിലയിരുത്തലിനുശേഷം മാത്രമേ സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയുള്ളൂവെന്ന് ബവൻകുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ നേതാവും മുൻ ലോക്‌സഭാംഗവുമായ സഞ്ജയ് നിരുപം വിധിയെനിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസന്വേഷിച്ചത്. 2015-ൽ ഒരു പ്രത്യേകകോടതി കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതിൽ അഞ്ചുപേർക്ക് വധശിക്ഷയും ബാക്കി ഏഴുപേർക്ക് ജീവപര്യന്തംതടവും വിധിച്ചു.
Content Highlights: maharashtra govt ensures the court verdict on mumbai train attack will be reviewed
Published: 22 Jul 2025, 08:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented