ചെന്നൈ: സമൂഹത്തിന്റെ എല്ലാ മേഖലകളിലും പടർന്നുകയറിയ അഴിമതിയെന്ന ദുഷ്ടശക്തിയെ ചെറുക്കാൻ നിർബന്ധിത കണ്ടുകെട്ടൽ അനിവാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി.

To advertise here,

അഴിമതികളിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിർബന്ധമാക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ നിയമഭേദഗതി വരുത്തണമെന്നും സർക്കാർ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു.

1988-ലെ അഴിമതി നിരോധനനിയമം ലക്ഷ്യമിടുന്നത് അഴിമതിക്കാരായ വ്യക്തികളെ ശിക്ഷിക്കൽ മാത്രമല്ല. അഴിമതിയിലൂടെയോ, സ്വന്തം വരുമാന സ്രോതസുകളിലൂടെ അല്ലാതെയോ നേടിയ നിയമവിരുദ്ധമായ സമ്പാദ്യം അനുഭവിക്കാനോ വിൽക്കാനോ അവർക്കു സാധിക്കില്ലെന്ന് ഉറപ്പു വരുത്താൻ കൂടിയാണ്. അഴിമതിയെ മറ്റേതൊരു കുറ്റകൃത്യത്തെക്കാളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി. പുഗഴേന്തിയുടെ ബെഞ്ച് നിരീക്ഷിച്ചു.

നിയമപ്രകാരം ശക്തവും ഫലപ്രദവുമായ നടപടികൾ നിർദേശിച്ചാൽ മാത്രമേ സ്വത്തുക്കൾ കണ്ടുകെട്ടൽ കാര്യക്ഷമതയോടെ ഏറ്റെടുക്കുവാനും അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ ആസ്വദിക്കുന്നവരുടെ മനസ്സിൽ ഭയംജനിപ്പിക്കാനും സർക്കാരിന് കഴിയൂ. അല്ലാത്തപക്ഷം നിയമം യാതൊരു ഫലവും നൽകാതെ കടലാസിൽമാത്രം ഒതുങ്ങുമെന്നും കോടതി പറഞ്ഞു.

അഴിമതി നിരോധന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അതിനാൽ സർക്കാർ മുൻകൈയെടുത്ത് നിയമത്തിൽ ഉചിതമായ ഭേദഗതികൾ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.