മീററ്റ്: കാമുകിയുമൊത്ത് മോമോസ് കഴിക്കാനിറങ്ങിയ ഭർത്താവിനെ കൈയ്യോടെ പിടികൂടിയ ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. മീററ്റിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

To advertise here,

മായങ്ക് എന്ന യുവാവാണ് കാമുകിയെന്ന് ആരോപിക്കപ്പെടുന്ന മഹി എന്ന യുവതിയോടൊപ്പം മോമോസ് കഴിക്കാൻ പോയത്. ഇരുവരും കാറിലിരുന്ന് മോമോസ് കഴിക്കുന്ന സമയം മായങ്കിന്റെ ഭാര്യ സുനിത ഈ വഴി വരികയും ഇവരെ ഒരുമിച്ച് കാണുകയും ചെയ്തു. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതിൽ രോഷാകുലയായ സുനിത പ്രതികരിച്ചു.

സുനിത കാറിന്റെ ജനലുകളിൽ ശക്തമായി തട്ടാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ മായങ്ക് വാതിൽ ഉള്ളിൽനിന്ന് പൂട്ടി, പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സുനിത കാറിന് മുന്നിലേക്ക് കയറി ബോണറ്റിൽ പിടിച്ചുകിടന്നു. വണ്ടി നിർത്താൻ കൂട്ടാക്കാതെ മായങ്ക് വണ്ടി മുന്നോട്ടോടിച്ചു.

100 മീറ്ററോളം ദൂരം സുനിതയെ മായങ്ക് ഇത്തരത്തിൽ കാറിന്റെ ബോണറ്റിൽവെച്ച് മുന്നോട്ട് കൊണ്ടുപോയതായാണ് റിപ്പോർട്ട്. ഓടുന്ന കാറിന്റെ ബോണറ്റിന് മുകളിൽകിടന്ന് ഒരു യുവതി 'രക്ഷിക്കൂ.. രക്ഷിക്കൂ.. സഹോദരാ രക്ഷിക്കൂ..' എന്ന് നിലവിളിച്ചതോടെ വഴിയിലുണ്ടായിരുന്നവർ കാറിന് പിന്നാലെ കൂടി. നാട്ടുകാർ തടിച്ചുകൂടിയതോടെ മായങ്കിന് കാർ നിർത്തേണ്ടിവന്നു.

തുടർന്ന് നാട്ടുകാർ ഇടപെട്ട് യുവതിയെ രക്ഷിക്കുകയും ഇരുവരെയും പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും ചെയ്തു. മായങ്കിനെതിരെ മർദ്ദനം, സ്ത്രീധന പീഡനം, വഞ്ചന എന്നിവ ആരോപിച്ച് സുനിത പരാതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, മായങ്കിനെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് കോട്വാലി സർക്കിൾ ഓഫീസർ സംഗ്രാം സിങ് പറഞ്ഞു.

'വാക്കുതർക്കത്തിന് ശേഷം, ഭാര്യയെ വധിക്കണമെന്ന ഉദ്ദേശത്തോടെ അയാൾ കാർ കയറ്റി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞങ്ങൾ കേസെടുത്തിട്ടുണ്ട്.' അദ്ദേഹം വ്യക്തമാക്കി. മായങ്കിനെയും മഹിയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.