ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പങ്കെടുത്ത ചടങ്ങിൽനിന്നുള്ള ഹ്രസ്വ വീഡിയോയെച്ചൊല്ലി രാഷ്ട്രീയവിവാദം. പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവാക്കൾ, മന്ത്രി പ്രസംഗിക്കുന്നതിനിടെ ‘ജോലി തരൂ’ എന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചെന്നും ജനക്കൂട്ടത്തെ ശാന്തരാക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടുവെന്നും വ്യക്തമാക്കുന്ന വീഡിയോ സഹിതമുള്ള ട്വീറ്റ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെക്കുകയായിരുന്നു.

To advertise here,

മദനപ്പള്ളിയിൽ ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബ്-റായലസീമ റൈസിങ് എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. സുലെമാൻ ഖാൻ എന്ന എക്‌സ് ഉപയോക്താവിന്റെ ട്വീറ്റാണ് ജയ്‌റാം രമേഷ് പങ്കുവെച്ചത്. ‘റായലസീമയിൽ ബഹളം: വേദിയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, അനന്ത് അംബാനി. ധനമന്ത്രിയുടെ വാക്കുകൾ: ഞാൻ പറയുന്നത് കേൾക്കൂ. ജനത്തിന്റെ മറുപടി- ആദ്യം ജോലി തരൂ. കൂവലും ബഹളവും കാരണം ധനമന്ത്രിക്ക് അവരുടെ പ്രസംഗം നിർത്തേണ്ടിവന്നു. ശാന്തരാകൂവെന്ന് ചന്ദ്രബാബു നായിഡുവിന് ജനക്കൂട്ടത്തോട് പറയേണ്ടിവന്നു’, എന്നാണ് സുലെമാന്റെ എക്‌സ് കുറിപ്പിലുള്ളത്.

ജനത്തിനിടയിൽ എത്രമാത്രം രോഷമുണ്ടെന്ന് ധനമന്ത്രിതന്നെ നേരിട്ട് കാണുകയാണെന്നും മുഖ്യമന്ത്രിക്ക് ജനങ്ങളെ നിശ്ശബ്ദരാക്കേണ്ടിവന്നുവെന്നുമാണ് സുലെമാന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ട് ജയ്‌റാം രമേഷ് പറഞ്ഞത്.

തെലുഗുവിൽ നിർമല സംസാരിക്കുന്നതിന്റെയും സദസ്സിൽനിന്ന് ബഹളമുയരുന്നതിന്റെയും ദൃശ്യങ്ങളാണ് പങ്കുവെക്കപ്പെട്ട വീഡിയോയിലുള്ളത്. ‘ഒരുനിമിഷം ഞാൻ പറയുന്നതൊന്ന് കേൾക്കൂ’ എന്ന് നിർമല പറയുന്നുണ്ട്. എന്നാൽ, ജനക്കൂട്ടത്തിൽനിന്നുയരുന്നത് എന്താണെന്ന് വ്യക്തമല്ല. പിന്നാലെ ചന്ദ്രബാബു നായിഡു ഇടപെടുകയും ജനങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെടുകയുമായിരുന്നു.

അതേസമയം, നിർമലയുടെ പ്രസംഗത്തിനിടെ യുവാക്കൾ തൊഴിൽ ആവശ്യപ്പെട്ട് ബഹളംവെച്ചെന്ന ജയ്‌റാം രമേശിന്റെ വാദംതള്ളി ചന്ദ്രബാബു നായിഡുവും ആന്ധ്രപ്രദേശ് ഐടി, എച്ച്ആർഡി മന്ത്രിയുമായ നര ലോകേഷും രംഗത്തെത്തി.

ജയ്‌റാം രമേശിന്റെ വ്യാഖ്യാനം യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് നായിഡു പറഞ്ഞു. ജനങ്ങളിൽനിന്നുണ്ടായ ആഹ്ലാദവും ആവേശവും നിറഞ്ഞ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് ജയ്‌റാം രമേഷിന്റേതെന്ന് വിമർശിച്ച നര ലോകേഷ്, അദ്ദേഹത്തോട് എക്‌സിലെ കുറിപ്പ് നീക്കംചെയ്യാനും ആവശ്യപ്പെട്ടു.