ന്യൂഡൽഹി: പതിനാറ് മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ളവർ ബലാത്സംഗമോ കൂട്ടബലാത്സംഗമോ നടത്തിയ ശേഷം ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പഴുതുപയോഗിച്ച് ശിക്ഷ കുറക്കുന്നതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പതിനേഴുകാരിയുടെ നിവേദനം.

To advertise here,

ബലാത്സംഗത്തിന് ശേഷം മനപ്പൂർവം കൊലപാതകം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന അത്യപൂർവ കേസുകളിൽ ജീവപര്യന്തം തടവോ, ഭരണഘടനാപരമായും നിയമപരമായും അനുവദനീയമാണെങ്കിൽ വധശിക്ഷയോ പരിഗണിക്കാൻ കോടതിക്ക് അധികാരം നൽകുന്ന വിധത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യണമെന്നാണ് മലയാളിയായ ഡൽഹിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി മാളവിക ആർ. തീക്കാടൻ നിവേദനത്തിൽ ആവശ്യപ്പെട്ടത്.

ന്യൂഡൽഹി പണ്ടാര പാർക്കിലെ സി.എം. ശ്രീ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മാളവിക, അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ മകളാണ്. ഡൽഹിയിലെ സ്വരൂപ് നഗറിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിവേദനം. കേസിൽ പിടിയിലായ നാലുപേരിൽ മൂന്നുപേർ 16-17 വയസ്സുള്ളവരാണെന്നും ഒരാൾക്ക് 19 വയസ്സാണെന്നുമുള്ള റിപ്പോർട്ടുകൾ തന്നെ ഏറെ ചിന്തിപ്പിച്ചതായി മാളവിക നിവേദനത്തിൽ പറയുന്നു.

അതേസമയം, കേസിലെ പ്രതികളുടെ കുറ്റമോ നിരപരാധിത്വമോ കോടതി വിചാരണയിലൂടെയാണ് തീരുമാനിക്കേണ്ടതെന്നും ഏതെങ്കിലും പ്രതിക്ക് പ്രത്യേക ശിക്ഷ നൽകണമെന്ന ആവശ്യമല്ല തന്റെ നിവേദനമെന്നും അഭിഭാഷകയാവാനാഗ്രഹിക്കുന്ന മാളവിക പറഞ്ഞു.

നിലവിലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ടിലെ സെക്ഷൻ 15 പ്രകാരം, 16 വയസ്സ് പൂർത്തിയായ കുട്ടി ഹീനമായ കുറ്റകൃത്യം ചെയ്തതായി ആരോപണമുണ്ടെങ്കിൽ, കുറ്റം ചെയ്യാനുള്ള മാനസികവും ശാരീരികവുമായ ശേഷി, അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യം നടന്ന സാഹചര്യം എന്നിവ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രാഥമികമായി വിലയിരുത്തണമെന്ന് വ്യവസ്ഥയുണ്ട്. നടപടിക്രമങ്ങൾക്കുശേഷം ചില കേസുകളിൽ കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യാനും നിയമമുണ്ട്.

എന്നാൽ നിയമത്തിലെ സെക്ഷൻ 21 പ്രകാരം ഒരു കുട്ടിക്കും വധശിക്ഷയോ മോചനസാധ്യതയില്ലാത്ത ജീവപര്യന്തം തടവോ വിധിക്കാൻ കഴിയില്ല. ഈ സമ്പൂർണ വിലക്കാണ് പുനഃപരിശോധിക്കണമെന്ന് മാളവിക ആവശ്യപ്പെടുന്നത്.

16 വയസ്സ് പൂർത്തിയായ ഒരാൾ ബലാത്സംഗമോ കൂട്ടബലാത്സംഗമോ നടത്തിയ ശേഷം മനഃപൂർവം കൊലപാതകം നടത്തുകയും, സെക്ഷൻ 15 പ്രകാരമുള്ള പ്രാഥമിക വിലയിരുത്തലിനുശേഷം നിയമാനുസൃതമായി മുതിർന്നയാളായി വിചാരണ ചെയ്യപ്പെടുകയും, പൂർണവും നീതിപൂർവവുമായ വിചാരണയ്ക്കുശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്താൽ, ശിക്ഷ തീരുമാനിക്കുന്ന കോടതിയുടെ അധികാരം സെക്ഷൻ 21 പ്രകാരം തടയരുതെന്നാണ് മാളവികയുടെ ആവശ്യം.

ഇത്തരം അത്യപൂർവ കേസുകളിൽ മോചനസാധ്യതയില്ലാത്ത ജീവപര്യന്തം തടവോ, ഭരണഘടനാപരമായും നിയമപരമായും അനുവദനീയമാണെങ്കിൽ വധശിക്ഷയോ പരിഗണിക്കാൻ കോടതിക്ക് അധികാരം നൽകണമെന്നും മാളവിക ആവശ്യപ്പെട്ടു.