ചെന്നൈ: ബി.ജെ.പി.യിലോ മറ്റേതെങ്കിലും പാർട്ടികളിലോ പ്രവർത്തിക്കുന്നുവെന്നതിന്റെപേരിൽ പള്ളിയിൽ നമസ്കരിക്കുന്നതിൽനിന്ന് മുസ്‌ലിങ്ങളെ തടയാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈക്കടുത്ത റെഡ്ഹിൽസ് സ്വദേശിയും ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ഭാരവാഹിയുമായ എം. സയ്യിദ് ഇബ്രാഹിമിന്റെ റിട്ട് ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിരീക്ഷണം. മുസ്‌ലിം ലീഗ് ഭാരവാഹിയായ സയ്യിദ് മൂസ, സേലത്തുള്ള ഒരു പള്ളിയിൽ തന്നെ നമസ്‌കരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് സയ്യിദ് ഇബ്രാഹിമിന്റെ പരാതി. ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നതിനാലാണ് ഇതെന്നും ഹർജിയിൽ പറയുന്നു.

To advertise here,

ഇസ്‌ലാം മതവിശ്വാസപ്രകാരം മുസ്‌ലിം ആരാണെന്നു തീരുമാനിക്കേണ്ടത് സാധാരണ മനുഷ്യരല്ല, അള്ളാഹുവാണെന്ന് കോടതി പറഞ്ഞു. ‘‘പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസം ആരാധനാലയങ്ങളുടെ കവാടത്തിനുപുറത്ത് ഉപേക്ഷിക്കണം. പ്രാർഥന പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ഓരോ വ്യക്തിക്കും അവരുടെ ഇഷ്ടാനുസരണം ജീവിതം നയിക്കാം. ഒരു മുസ്‌ലിമിന്റെ പ്രാർഥന തടയുന്നത് പാപമാണ്’’ -ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്റെ ബെഞ്ച് നിരീക്ഷിച്ചു.

സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾക്കതീതമായി എല്ലാ മുസ്‌ലിങ്ങളും തോളുരുമ്മി പ്രാർഥിക്കുന്നിടത്ത് രാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയുമില്ല. പള്ളിനിർമാണത്തിനു സംഭാവന നൽകിയതുകൊണ്ടുമാത്രം ഒരാൾക്ക് അതിന്റെ അവകാശം സ്ഥാപിക്കാനാവില്ല. പള്ളികളുടെ ഉടമ അള്ളാഹുവാണ്. മനുഷ്യർ നടത്തിപ്പുകാർ മാത്രമാണ്. ഒരാൾ ഇസ്‌ലാമികതത്ത്വങ്ങൾ ലംഘിച്ചാൽ സർവശക്തൻ ഉചിതനടപടിയെടുക്കുമെന്നും മറ്റുള്ളവരല്ല അതിനുള്ള ശിക്ഷ തീരുമാനിക്കേണ്ടതെന്നും ഹദീസ് വ്യക്തമാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഹർജിക്കാരനും മുസ്‌ലിം ലീഗ് ഭാരവാഹിയും തമ്മിലുള്ള തർക്കത്തിൽ കേസ് വേണ്ടെന്നും മധ്യസ്ഥതയിലൂടെ ഇതു പരിഹരിക്കണമെന്നും കോടതി പോലീസിനു നിർദേശം നൽകി. പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പള്ളിക്കു പുറത്തുള്ള റോഡിൽ നമസ്‌കരിച്ച ഹർജിക്കാരനെയും കോടതി വിമർശിച്ചു. ‘‘നമസ്‌കരിക്കുമ്പോൾ വസ്ത്രം വൃത്തിയുള്ളതായിരിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പറയുന്നത്. സേലത്തെ റോഡുകൾ വൃത്തിയുള്ളതല്ലെന്ന് ഉറപ്പുണ്ട്’’ -കോടതി പറഞ്ഞു.