ന്യൂഡൽഹി: ഭരണഘടനാപരമായ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വ്യക്തമായി നിർവചിക്കപ്പെട്ട പങ്കുണ്ടെങ്കിലും പ്രധാന പാർട്ടി ഇന്ന് 'പ്രതിപക്ഷ'മെന്നതിനെക്കാൾ 'തടസ്സവാദപക്ഷ'മായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയകൾ തടസ്സപ്പെടുത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് പകരമാകില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായുള്ള ലേഖനത്തിലാണ് പ്രതിപക്ഷത്തിനുനേരേയുള്ള കുറ്റപ്പെടുത്തൽ. കോൺഗ്രസിന്റെ പേരെടുത്തുപറയാതെയാണ് പരാമർശങ്ങൾ.
സാധാരണകുടുംബത്തിൽ ജനിച്ച കുട്ടിക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ സേവിക്കാനുള്ള ഉത്തരവാദിത്വം ലഭിച്ചെന്നത് ഭരണഘടനയുടെ അസാധാരണമായ മഹത്ത്വം വിളിച്ചോതുന്നുവെന്ന്, താൻ പ്രധാനമന്ത്രിയായതിനെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ ഭരണഘടനയെ ശക്തിയുടെ ഉറവിടമായും 'ഇന്ത്യ ആദ്യം', 'കർത്തവ്യം' എന്നീ തത്ത്വങ്ങളെ വഴികാട്ടികളായും സ്വീകരിച്ചുകൊണ്ട് ശോഭനമായ ഭാവി ഉറപ്പാക്കാനാവും. നക്‌സലിസം വിജയകരമായി ഇല്ലാതാക്കാനായെങ്കിലും വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമം തുടരുന്ന 'ദിമാഗി നക്‌സലുകൾ' അവശേഷിക്കുന്നുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു.
''തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റുകളെ പിരിച്ചുവിടാൻ 356-ാം അനുച്ഛേദം ആവർത്തിച്ച് ദുരുപയോഗം ചെയ്തത് ചരിത്രത്തിലെ ആശങ്കാജനകമായ അധ്യായമാണ്. ഏകദേശം നൂറുതവണ 356-ാം അനുച്ഛേദം പ്രയോഗിച്ചെന്ന സംശയാസ്പദമായ റെക്കോഡും ഒരു പാർട്ടിക്കുണ്ട്.'' -മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ, ചില ഭരണഘടനാഭേദഗതികൾ എന്നിവയുടെ പേരിലും വിമർശിച്ചു.
വനിതാസംവരണബിൽ പാസാക്കുന്നതിന് 'ഒരു പ്രതിപക്ഷ പാർട്ടി' തടസ്സം സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു. എന്നാൽ, ഇന്ത്യയിലെ നാരീശക്തിക്ക് നീതി ഉറപ്പാക്കുന്നതിൽനിന്ന് ഒരു ശക്തിക്കും നമ്മെ തടയാനാവില്ല -പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി ഒഴിവാക്കിയത്, ജി.എസ്.ടി., ബി.എൻ.എസ്., വിവിധക്ഷേമപദ്ധതികൾ തുടങ്ങിയവ ഭരണഘടനയോടുള്ള പ്രതിബദ്ധതയുടെ അടയാളങ്ങളായി ലേഖനത്തിൽ അവതരിപ്പിക്കുന്നു.
Content Highlights: Narendra Modi, Rahul Gandhi, Constitution Day
Published: 27 Nov 2026, 04:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented