-
ഇംഫാല്‍: മണിപ്പൂരിലെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയിലെ ചോദ്യങ്ങള്‍ വിവാദത്തില്‍. ബിജെപിയുടെ പാര്‍ട്ടി ചിഹ്നം വരയ്ക്കാനും രാജ്യത്തിന്റെ നിര്‍മിതിക്കായി മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടുള്ള രണ്ട് ചോദ്യങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
മനപൂര്‍വ്വം നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ചോദ്യങ്ങളാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപി സര്‍ക്കാറിന്റെ മനോഭാവമാണ് ചോദ്യപേപ്പറിലൂടെ വെളിപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്‌തേയ് ആരോപിച്ചു. യുവാക്കളുടെ മനസില്‍ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമമാണിത്. എന്നാല്‍ ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ നെഹ്‌റുവിന്റെ ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.
നെഹ്‌റുവിനെ വിമര്‍ശിച്ചുള്ള ചോദ്യങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയകളിലും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം പരീക്ഷയില്‍ ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് ബിജെപി വക്താവ് ചൊങ്താം ബിജോയ് വ്യക്തമാക്കി. എന്നാല്‍ ചോദ്യങ്ങളെ ന്യായീകരിച്ച് ഹയര്‍ സെക്കന്‍ഡറി കൗണ്‍സില്‍ ചെയര്‍മാന്‍ മഹേന്ദ്ര സിങ് രംഗത്തെത്തി. പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലുള്ള ഇന്ത്യയിലെ പാര്‍ട്ടി സംവിധാനം എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണിവയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
content highlights; List flaws of Nehru, draw BJP poll symbol: Questions in Manipur board exam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..