ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 406 റൺസ് വിജയലക്ഷ്യം. മൂന്ന് പേർ സെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ വെസ്റ്റീൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് അടിച്ചെടുത്തു.

To advertise here,

ഓപ്പണർ കീസി കാർട്ടി (9) യുടെ വിക്കറ്റ് വിൻഡീസിന് നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ മൂന്ന് ബാറ്റ്‌സ്മാൻമാരും സെഞ്ചുറി കണ്ടെത്തുകയായിരുന്നു. ജോൺ കാംപെൽ, ഷായ് ഹോപ്, ആമിർ ജങ്കൂ എന്നിവരാണ് സെഞ്ചുറി കണ്ടെത്തിയത്. കാംപെൽ 68 പന്തിൽ ഒമ്പത് ഫോറിന്റേയും അഞ്ച് സിക്‌സറുകളുടേയും സഹായത്തോടെ 101 റൺസ് അടിച്ച് പുറത്തായി. 94 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സറുകളും സഹിതം ഷായ് ഹോപ് 104 റൺസ് നേടി. 77 പന്തിൽ 13 ഫോറും മൂന്ന് സിക്‌സറും സഹിതം 114 റൺസാണ് ആമിർ ജങ്കൂ അടിച്ചെടുത്തത്. രണ്ടാം വിക്കറ്റിൽ കാംപെല്ലും ഷായ് ഹോപും ചേർന്ന് 110 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാം വിക്കറ്റിൽ ആമിർ ജങ്കൂവിനെ കൂട്ടുപിടിച്ച് ഷായ് ഹോപ് 182 റൺസ് കൂട്ടുകെട്ടുമുണ്ടാക്കി.

എന്നാൽ പിന്നീടങ്ങോട്ട് വെസ്റ്റിൻഡീസിന് വേഗത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഷായ് ഹോപ് പുറത്തായതോടെ ക്രീസിലെത്തിയ റുതർഫോർഡിനെ അക്കൗണ്ട് തുറക്കുംമുമ്പ് ഗുർനൂർ ബ്രാർ തിരിച്ചയച്ചു. പിന്നാലെ ആമിർ ജങ്കൂവിനെ രവീന്ദ്ര ജഡേജ, ഗെയ്ക്ക്‌വാദിന്റെ കൈകളിലെത്തിച്ചു. കീമോ പോൾ മൂന്ന് റൺസെടുത്തും അൽസാരി ജോസഫ് എട്ട് റൺസെടുത്തും ക്രീസ് വിട്ടു. 25 പന്തിൽ 29 റൺസോടെ റോസ്റ്റൺ ചെയ്‌സും എട്ട് പന്തിൽ 14 റൺസുമായി ഷാമർ ജോസഫും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു. ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.