കൊഴിഞ്ഞാമ്പാറ (പാലക്കാട്): സഹോദരങ്ങളായ കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അമ്മ നിവേദ്യയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റ സമ്മതം നടത്തിയെന്ന് പോലീസ് അറിയിച്ചു.
കുട്ടികളുടെ മരണത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരോടും അടുപ്പക്കാരോടും വിവരങ്ങൾ അന്വേഷിച്ചു. കുട്ടിയുടെ അമ്മയെ വിളിച്ച് ചോദ്യംചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടികൾ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പോലീസിന് നൽകിയ മൊഴി. മോഡലിങ്ങിന് പോകണമെന്നും പഠിക്കാൻ പോകണമെന്നും നിവേദ്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, കുട്ടികൾ ഇക്കാര്യങ്ങൾക്കൊക്കെ തടസ്സമായിരുന്നുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കൂ എന്നും പോലീസ് പറഞ്ഞു. വിശദാന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കുട്ടികളേക്കുറിച്ചും ഭർത്താവിനേക്കുറിച്ചും പലരും അപവാദങ്ങൾ പറഞ്ഞിരുന്നെന്നും കുട്ടികൾ തന്റേതല്ലെന്ന രീതിയിൽ പ്രചരിപ്പിച്ചിരുന്നെന്നും നിവേദ്യ പോലീസിനോട് പറഞ്ഞതായാണ് വിവരം. കുട്ടികളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളൊന്നും പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
നിവേദ്യയ്ക്കെതിരേ കുട്ടികളുടെ പിതാവും കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കലും രണ്ടു കുട്ടികളും ഒന്നിച്ച് മുങ്ങി മരിക്കാൻമാത്രം വെള്ളം തൊട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ഒരാൾ തൊട്ടിയിൽ വീണാൽ തന്നെ മറ്റൊരാൾ അത് വിളിച്ചറിയിക്കുമായിരുന്നുവെന്നും കുടുംബം പറയുന്നു. കുട്ടികളുടെ മാതാവ് നിവേദ്യയുടെ ഫോൺ ഉപയോഗവും സംശയത്തിലാക്കിയെന്നും ബന്ധുക്കൾ പറയുന്നു.
'കുട്ടികൾ മുങ്ങാൻ മാത്രം വെള്ളം തൊട്ടിയിൽ ഉണ്ടായിരുന്നില്ല. ഒരു കുട്ടി വെള്ളത്തിൽ വീണാലും മറ്റൊരാൾ അത് വിളിച്ച് പറയാൻ അറിയും. എന്നാൽ, അങ്ങനെ ഉണ്ടായില്ല. രണ്ടു കുട്ടികളും ഒരേ സമയത്ത് വെള്ളത്തിൽ മുങ്ങിമരിച്ചുവെന്ന് പറഞ്ഞതിൽ സംശയം ഉണ്ടായി. അതുകൊണ്ടാണ് പരാതി നൽകിയത്. കുട്ടികൾ കളിക്കുന്നതൊക്കെ എനിക്ക് അറിയാം. മരിച്ചു പോകില്ല. കുട്ടികളേ കുളിപ്പിക്കാത്തതിനൊക്കെ ഭാര്യയെ ചീത്ത പറഞ്ഞിരുന്നു. അല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല. എപ്പോഴും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കാറാണ് പതിവ്. കുട്ടികളേ നോക്കാറില്ല. ആരോട് സംസാരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല’, കുട്ടിയുടെ പിതാവ് പറഞ്ഞു.
കുട്ടികളുടെ മരണത്തിൽ പിതാവ് ജോൺ കുമാർ സംശയമുന്നയിച്ച് പോലീസിനെ സമീപിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.30-ന് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് സംഭവം. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്‌റ്റിഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്. വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ടുമാസം മുൻപാണ് കൂരാങ്കാട്ടിൽ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോൺകുമാർ പണിക്കുപോയി. നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിനു മുൻവശത്ത് ചെറിയ പണികൾ ചെയ്‌തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചെന്നാണ് ആദ്യം മൊഴിനൽകിയത്. സമീപവീടുകളിലുൾപ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും തുടർന്ന് വീട്ടുമുറ്റത്തെ കുളിമുറിയിൽ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തിൽ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. നിവേദ്യയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചു. മേനോൻപാറ ഗവ. യു.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ് കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂളിൽ പോയിരുന്നില്ല.
Content Highlights: Two sibling children found dead in water tub in Kozhipara, Palakkad., Mother Nivedya confessed to police that she murdered the children., Accused claimed children hindered her personal goals like modeling and studying., Father John Kumar had earlier raised suspicions leading to police investigation.
Published: 30 Sept 2026, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented