ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ, വൻ വിമാനദുരന്തം ഒഴിവാക്കിയത് ഇന്ത്യൻ വംശജനായ ക്യാപ്റ്റനാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ. വിമാനത്തെ തകർക്കാൻ ശ്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റുമായി കോക്പിറ്റിൽ ശക്തമായി പോരാടുകയും കുത്തേറ്റ അവസ്ഥയിലും വിമാനത്തെ ദുരന്തത്തിൽനിന്ന് രക്ഷിക്കുകയും ചെയ്ത ക്യാപ്റ്റൻ ഒരു ഇന്ത്യൻ വംശജൻ ആണെന്ന് ഇസ്രയേലിലെ വൈനെറ്റ് ന്യൂസും ചാനൽ 12-ഉം റിപ്പോർട്ട് ചെയ്തു.

To advertise here,

ചില റിപ്പോർട്ടുകളിൽ ഇദ്ദേഹം ഇന്ത്യൻ വംശജനായ യു.എ.ഇ പൈലറ്റാണെന്നും വ്യക്തമാക്കുന്നു. ആദ്യം പൈലറ്റുമാർ റഷ്യൻ, യുക്രൈനിയൻ പൗരന്മാരാണെന്നാണ് വാർത്തകൾ വന്നത്. എന്നാൽ, പിന്നീട് ഇസ്രയേലി മാധ്യമങ്ങളും വ്യോമയാന വൃത്തങ്ങളും ഇത് തള്ളി. കോക്പിറ്റിൽ ഒമാനി പൈലറ്റും ഇന്ത്യൻ വംശജനായ എമിറാത്തി ക്യാപ്റ്റനുമായിരുന്നുവെന്നാണ് നിലവിൽ ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദുബായിൽനിന്ന് പുറപ്പെട്ട ഫ്ലൈ ദുബായിയുടെ വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേ ബുധനാഴ്ചയാണ് ഈ അടിയന്തര സാഹചര്യമുണ്ടായത്. കോക്പിറ്റിനുള്ളിൽവെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ക്യാപ്റ്റനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കുത്തേറ്റ ശേഷവും ക്യാപ്റ്റൻ സഹപൈലറ്റിനെ ചെറുത്തുതോൽപ്പിച്ചു. വിമാനം താഴേക്ക് പതിക്കുന്നതിനിടെ നടന്ന ഈ പോരാട്ടംമൂലം 180-ലധികം ആളുകളുടെ ജീവൻ രക്ഷിക്കാനായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രയേലികളായിരുന്നു.

വിമാനം താഴേക്ക് പതിക്കുമ്പോൾ മുൻനിരയിലിരുന്ന ചില ഇസ്രയേലി യാത്രക്കാർ കോക്പിറ്റിലേക്ക് കയറി സഹപൈലറ്റിനെ നേരിട്ടുവെന്ന് 'ജെറുസലേം പോസ്റ്റിനോട്' ഒരു യാത്രക്കാരൻ പറഞ്ഞു. തുടർന്ന് അക്രമിയെ കോക്പിറ്റിൽനിന്ന് പുറത്താക്കുകയും യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉള്ളിൽ പ്രവേശിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഉടൻതന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരൻ പറ‍ഞ്ഞു.

കുത്തേറ്റ ക്യാപ്റ്റന്റെ നില ഗുരുതരമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് പരിക്കേറ്റ ക്യാപ്റ്റന് അടിയന്തര ചികിത്സ നൽകിയത്. ഇതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്നും യാത്രക്കാരൻ പറഞ്ഞു. ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുകയും ചെയ്തുവെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.

ഫ്ലൈ ദുബായിൽ ഒരു വർഷത്തിൽ താഴെമാത്രം പ്രവൃത്തിപരിചയമുള്ളയാളാണ് ആക്രമണം നടത്തിയ ഒമാനി പൈലറ്റ്. ഇസ്രയേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനും ലാൻഡ് ചെയ്യുന്നതിനും അറബ്, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാർക്ക് കർശനവും വ്യക്തിഗതവുമായ സുരക്ഷാ പരിശോധനകൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഒമാൻ സ്വദേശിയായ ഇയാൾക്ക് ഇസ്രയേലിലേക്ക് പറക്കാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നതിനെക്കുറിച്ച് ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് ഇരട്ട പൗരത്വം ഉണ്ടായിരുന്നോ എന്നും, അതാണോ യാത്രയ്ക്ക് വഴിയൊരുക്കിയത് എന്നുമുള്ള കാര്യം അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

രണ്ടു പൈലറ്റുമാരെയും നിലവിൽ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ ഒരു സാധാരണ കോക്പിറ്റ് തർക്കമായല്ല, മറിച്ച് ഭീകരാക്രമണമായാണ് ഇസ്രയേലി അധികൃതർ കാണുന്നത്. ഒരു പൈലറ്റ് മറ്റേ പൈലറ്റിനെ കുത്തുകയും വിമാനം താഴേക്ക് പതിപ്പിച്ച് 9/11 മോഡൽ ആക്രമണം നടത്താനോ വിമാനം തകർക്കാനോ ശ്രമിക്കുകയായിരുന്നുവെന്നും ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വലിയൊരു ആക്രമണമാണ് ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.