മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 10,000 കിലോഗ്രാം മായം ചേർത്ത പനീറും 5,000 കിലോഗ്രാം വ്യാജ ഖോയ (പാൽക്കട്ടി)യും പിടിച്ചെടുത്തു. സംസ്ഥാനത്തുടനീളം വിതരണംചെയ്യാനായി കർണാടകയിൽനിന്നാണ് ഈ ഉത്പന്നങ്ങൾ എത്തിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ സാംപിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) ജോയിന്റ് കമ്മീഷണർ ദിഗംബർ ഭോഗാവഡെ അറിയിച്ചു.

To advertise here,

മഹാരാഷ്ട്രയിൽ വ്യാജ ക്ഷീരോത്പന്നങ്ങൾക്കെതിരേ ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി പാലിന് പകരം സസ്യ എണ്ണകളും മറ്റും ഉപയോഗിച്ച് നിർമിക്കുന്ന അനലോഗ് (വ്യാജ) പനീറിന്റെ നിർമാണവും വിപണനവും മഹാരാഷ്ട്രയിൽ കഴിഞ്ഞമാസം പൂർണമായി നിരോധിച്ചിരുന്നു. വ്യാജ പനീർ ഉത്പാദിപ്പിക്കുന്നതുമുതൽ വിതരണംചെയ്യുന്നതും സൂക്ഷിച്ചുവയ്ക്കുന്നതുംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും സംസ്ഥാനത്ത് കുറ്റകരമാണ്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് ആറുമാസംവരെ തടവും ഒരുലക്ഷംരൂപവരെ പിഴയും ലഭിക്കാം. വ്യാജ ഉത്പന്നങ്ങൾ കഴിച്ച് ആരെങ്കിലും മരിച്ചാൽ ജീവപര്യന്തം തടവും കുറഞ്ഞത് 10 ലക്ഷംരൂപ പിഴയും ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അനലോഗ് പനീർ യാഥാർഥ ക്ഷീരോത്പന്നമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കുന്നത് ഉപഭോക്താക്കളെ വഞ്ചിക്കലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സസ്യ എണ്ണകളും പാമോലിനും മറ്റു നോൺ-ഡെയ്റി ചേരുവകളും ഉപയോഗിച്ചാണ് അനലോഗ് പനീർ നിർമിക്കുന്നത്. രൂപത്തിൽ സാധാരണ പനീറിന് സമാനമാണെങ്കിലും ഇവ ആരോഗ്യത്തിന് ഭീഷണിയാണ്. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങളനുസരിച്ച് പനീർ നിർമിക്കേണ്ടത് പാൽമാത്രം ഉപയോഗിച്ചായിരിക്കണം.