ലഖ്‌നൗ: പുകയില വ്യവസായഭീമന്റെ മകൻ ഓടിച്ച ആഡംബരകാർ അമിതവേഗത്തിൽ നിയന്ത്രണംവിട്ട് വഴിയാത്രികരെയും ഔട്ടോറിക്ഷയേയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ശതകോടീശ്വരനും ബംശീധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച 12 കോടി രൂപയോളം വിലവരുന്ന ലംബോർഗിനിയാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ കാൺപുരിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെയാണ് സംഭവം.
അതേസമയം, ശിവത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വാഹനം ഓടിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതാണ് വാഹനത്തിന്റെ നിയന്ത്രണംവിടാൻ കാരണമെന്നും കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ശിവത്തിന് ഇത്തരം ആരോഗ്യപ്രശ്‌നമുണ്ടെന്നും അവർ പോലീസിനോട് പറഞ്ഞതായാണ് വിവരം. അപകടസമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായും സൂചനയുണ്ട്.
ലംബോർഗിനി ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിച്ചു. പിന്നീട് ഒരു റോയൽ എൻഫീൽഡ് ബൈക്കിലും ഇടിച്ചു. ബൈക്കിനേറ്റ ആഘാതത്തിൽ അതിലുണ്ടായിരുന്ന ആൾ പത്തുമീറ്ററോളം ഉയർന്ന് തെറിച്ചുവീണെന്നാണ് വിവരം. ബൈക്കിന്റെ മുൻചക്രം കാറിൽ കുടുങ്ങിയതോടെ അതിനെ വലിച്ചിഴച്ച് കുറച്ചുദൂരം മുൻപോട്ടു പോയ ശേഷം ലംബോർഗിനി ഒരു വൈദ്യുതത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ പോലീസ് വാഹനം പിടിച്ചെടുത്തു.
അപകടത്തിൽ കുപിതരായ നാട്ടുകാർ ശിവത്തെ കാറിൽനിന്ന് ഇറങ്ങുന്നതിൽനിന്ന് തടഞ്ഞുവെച്ചു. ഈ സമയത്ത് സ്വകാര്യ ബൗൺസർമാർ സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചു. പിന്നീട് പോലീസ് എത്തി പരിക്കേറ്റവരെയും ശിവത്തേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
2024-ൽ ശിവത്തിന്റെ കുടുംബ ബിസിനസിൽ പലയിടത്തും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. കാൺപുർ, ഡൽഹി, മുംബൈ, ഗുജറാത്തിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കമ്പനിയുടെ വരുമാനക്കണക്കിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന് പിന്നാലെ ആയിരുന്നു ഇത്. അന്ന്, ഡൽഹിയിലെ വസന്ത് വിഹാറിലെ ശിവത്തിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ആഡംബരവാഹനങ്ങളുടെ നിരതന്നെ കണ്ടെത്തിയിരുന്നു. റോൾസ് റോയ്‌സ് ഫാന്റം, പോർഷെ, ലംബോർഗിനി തുടങ്ങിയ വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ടരക്കോടി വില മതിക്കുന്ന വജ്രങ്ങൾ പതിപ്പിച്ചത് ഉൾപ്പെടെയുള്ള ആഡംബര വാച്ചുകളും അന്ന് പിടിച്ചെടുത്തിരുന്നു.
Content Highlights: lamborghini driven by tobacco baron son goes on rampage many injured
Published: 09 Feb 2026, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented