പൂന്തുറ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായിരുന്ന അമ്മയും കുഞ്ഞും മരിച്ചു. വെട്ടുകാട് പള്ളിയിലേക്ക് ഭർത്താവും മക്കളുമൊത്ത് പോകുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. പൂന്തുറ ആലുകാട് ടി.സി.69/2179 കുന്നിൽവീട്ടിൽ അഞ്ജലി (24), ഒരുവയസ്സുള്ള മകൻ ആഷിക് എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ അഞ്ജലിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ആശിഖും മരിച്ചത്.

To advertise here,

നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അഞ്ജലിയുടെ ഭർത്താവ് പ്രശാന്ത് (26) ചികിത്സയിലാണ്. നാലുവയസ്സുകാരി മകൾ കൃതികയ്ക്കു തലയ്ക്കു പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അപകടത്തിനിടയാക്കിയ തമിഴ്നാട് സ്വദേശിയുടെ കാർ നിർത്താതെപോയി. കഴിഞ്ഞ 13-ന് വൈകീട്ട് 6.30-ഓടെ ശംഖുംമുഖം ഓൾ സെയ്ന്റസ് റോഡിൽ പഴയ ജി.വി.രാജാ സ്‌കൂളിനു സമീപമായിരുന്നു അപകടം.

ശംഖുംമുഖം ഭാഗത്തുനിന്ന് വെട്ടുകാട് പള്ളിയിലേക്കു പോകുന്നതിന് ഓൾ സെയ്ന്റസ് റോഡ് മുറിച്ചുകടക്കവേ ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരുകയായിരുന്ന തമിഴ്നാട് സ്വദേശിയുടെ കാർ ഇവരുടെ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറോടെ നാലുപേരും റോഡിൽ തെറിച്ചുവീണു. പിന്നിലിരുന്ന അഞ്ജലിയുടെ തലയ്ക്കും മുഖത്തുമായിരുന്നു ഗുരുതര പരിക്ക്. വലിയതുറ പോലീസ് കേസെടുത്തു.