വളർന്നുവരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്ന് എന്ന സ്ഥാനം വർഷങ്ങളായി നിലനിർത്തുന്ന ഇന്ത്യ ഏഷ്യയിലെ വൻശക്തികളിലൊന്നായി (മേജർ പവർ) മാറിയിരിക്കുന്നു. ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ ഏഷ്യ പവർ ഇൻഡക്സിൽ 40.5 പോയിന്റു നേടിയ രാജ്യം അമേരിക്കക്കും (78.9) ചൈനയ്ക്കും (73.6) പിന്നിൽ മൂന്നാംസ്ഥാനം നിലനിർത്തി. 2018-നു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം ഇത്രയും കുറയുന്നത് ഇതാദ്യമാണ്. സൂചികയിൽ നാലാമത് ജപ്പാൻ, അഞ്ചാമത് റഷ്യ.

To advertise here,

വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിരുന്നിട്ടും ഏഷ്യയിലെ ഒരു പ്രധാനശക്തിയെന്ന നിലയിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചതായി ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ വ്യക്തമാക്കി. സൈനികശേഷിയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് (സ്‌കോർ 48.5). പരമ്പരാഗതവും ആണവവുമായ സൈനികശേഷിയുടെ കൃത്യമായ നവീകരണമാണ് ഇത് കാണിക്കുന്നത്. പ്രതിരോധശൃംഖലകൾ ഗണ്യമായി മെച്ചപ്പെട്ട് ഒമ്പതാം സ്ഥാനത്തെത്തി. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ബ്രഹ്‌മോസ് മിസൈൽ വിൽപ്പനയും പ്രാദേശികതലത്തിലെ പങ്കാളിത്തവുമാണ് പ്രധാന കാരണം. നയതന്ത്ര സ്വാധീനത്തിൽ (70.3) ഇന്ത്യക്ക് വളരെ ഉയർന്ന സ്‌കോറാണ്.

ലോവിയുടെ ഡേറ്റ പ്രകാരം ഭാവി വിഭവങ്ങളിൽ (future resources, അടുത്ത ഒരു ദശാബ്ദത്തിലും അതിനുശേഷവും (ഏകദേശം 2035-2040 കാലയളവിൽ) ഒരു രാജ്യത്തിന് സ്വന്തം ശക്തി നിലനിർത്താനോ വർദ്ധിപ്പിക്കാനോ ഉണ്ടാവുമെന്ന് കണക്കാക്കപ്പെടുന്ന ശേഷി) ഇന്ത്യ മൂന്നാംസ്ഥാനത്തും, സൈനികശേഷിയിലും പ്രതിരോധശേഷിയിലും നാലാംസ്ഥാനത്തുമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തി പ്രദർശിപ്പിക്കാനും ഹിമാലയൻ പ്രതിരോധം നിലനിർത്താനും വിശ്വസനീയമായ പ്രതിരോധ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ഇന്ത്യയുടെ കഴിവ് വർദ്ധിച്ചുവരികയാണെന്ന് വ്യക്തം.

സാമ്പത്തിക ശേഷിയുടെ സ്‌കോർ 26.4 ആയി കുറഞ്ഞു എന്നത് റിപ്പോർട്ടിലെ ശ്രദ്ധേയമായ തിരിച്ചടിയാണ്. മൂന്നാം സ്ഥാനം നിലനിർത്താനായെങ്കിലും, രൂപയുടെ മൂല്യത്തകർച്ചയും ഐഎംഎഫിന്റെ സാമ്പത്തിക അളവുരീതികളിലെ മാറ്റങ്ങളും മൂലം ആഗോള ജിഡിപിയിലെ ഇന്ത്യയുടെ ആപേക്ഷിക സ്ഥാനം താഴ്ന്നുവെന്ന് ലോവി ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് ഇന്ത്യയെ വൻശക്തിയായി വിലയിരുത്തുമ്പോഴും ചില പരിമിതികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു രാജ്യം തന്റെ വിഭവങ്ങളെ എത്രത്തോളം സ്വാധീനമാക്കി മാറ്റുന്നു എന്നു കണക്കാക്കുന്ന 'പവർ യീൽഡി'ൽ ഇന്ത്യക്ക് ശേഷിക്കൊത്ത സ്വാധീനം ഉറപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് സൂചിക പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ നേതാവായി (മൂന്നു സ്ഥാനം മുന്നേറി) വിലയിരുത്തപ്പെടുമ്പോഴും ആഗോള നേതൃത്വത്തിന്റെയും അഭിലാഷത്തിന്റെയും കാര്യത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ ദുർബലമായെന്ന് ലോവി വിലയിരുത്തുന്നു.

ഇന്ത്യയ്ക്ക് കരുത്തു കൂട്ടിയ ഘടകങ്ങൾ

ചരിത്രപരമായ പശ്ചാത്തലം വിലയിരുത്തുമ്പോൾ ഇന്ത്യയുടെ വളർച്ചാവേഗം അത്ഭുതപ്പെടുത്തുന്നതാണ്. ആ വർധിതവേഗത്തിനും സ്ഥിരതയ്ക്കും പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഒന്നാമത്തേത് ജനസംഖ്യാഘടനയാണ്. ചൈനയിലെ ജനസംഖ്യ അതിവേഗം വാർദ്ധക്യത്തിലേക്ക് കടക്കുകയും പല വികസിത സമ്പദ്‌വ്യവസ്ഥകളും തൊഴിലാളിക്ഷാമം നേരിടുകയും ചെയ്യുന്ന കാലത്ത് ഇന്ത്യയിൽ തൊഴിൽ ചെയ്യാൻ പ്രാപ്തരായ യുവാക്കളുടെ സംഖ്യ വർദ്ധിക്കുകയാണ്. രണ്ടാമത്തേത് ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽപാതകളിലുള്ള നിയന്ത്രണം/ കാര്യമായ സ്വാധീനം, മധ്യപൂർവേഷ്യ, ആഫ്രിക്ക, കിഴക്കൻ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ഊർജ്ജവ്യാപാര പാതകളിൽ ഇന്ത്യയ്ക്ക് സ്വാഭാവികമായ മേൽക്കൈ നൽകുന്നു. മൂന്നാമത്തേത് ജനാധിപത്യത്തിലധിഷ്ഠിതമായ രാഷ്ട്രീയ, ഭരണത്തുടർച്ചയാണ്.

രാജ്യമാണ് ഏറ്റവും പ്രധാനം എന്ന തത്വത്തിലധിഷ്ഠിതമായ മോദി സർക്കാരിന്റെ നയതന്ത്രവും അനാവശ്യ യുദ്ധങ്ങളിൽ ചെന്നുപെടാതിരിക്കാനും സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാനും സഹായകമായി. രാജ്യത്തിനകത്തുള്ള ശക്തമായ ഡിമാൻഡ്, ഡിജിറ്റൽ അടിത്തറയുടെ ജനകീയവൽക്കരണം, ഉൽപ്പാദനമേഖല, ലോജിസ്റ്റിക്സ് എന്നിവയിലെ മുതൽമുടക്കും പരിഷ്‌കാരങ്ങളും എന്നിവയുടെ പിൻബലത്തിൽ മിക്ക പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാളും വേഗത്തിൽ ഇന്ത്യ വളരുകയായിരുന്നു കഴിഞ്ഞ ദശകം.

2025 അവസാനത്തോടെ ഇന്ത്യയുടെ നോമിനൽ ജിഡിപി നാലു ലക്ഷം കോടി ഡോളർ കടന്നു. ഇപ്പോൾ 4.18 ട്രില്യൻ കടന്നതായും ജപ്പാനെ മറികടന്നെന്നും സർക്കാർ കണക്കുകൾ. വാങ്ങൽ ശേഷി തുല്യതയുടെ (പർച്ചേസിംഗ് പവർ പാരിറ്റി) അടിസ്ഥാനത്തിലെ വളർച്ചയും ശ്രദ്ധേയമാണ്. ഏകദേശം 19 ലക്ഷം കോടി ഡോളർ ജിഡിപിയുമായി ഇന്ത്യ അമേരിക്കക്കും ചൈനക്കും പിന്നിൽ മൂന്നാമതാണ്. സ്വകാര്യ ഉപഭോഗം (പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ), സേവനങ്ങളുടെ കയറ്റുമതി, ഉൽപ്പാദന മേഖലയിലെ പ്രോത്സാഹനം, അടിസ്ഥാന സൗകര്യ മേഖലയിലെ വൻതോതിലുള്ള നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഈ വളർച്ചയ്ക്ക് ശക്തി പകർന്നത്.

ഇൻഡോ – പസിഫിക്കിൽ ചൈനയെ പിടിച്ചുകെട്ടാൻ ഉദ്ദേശിച്ചുണ്ടാക്കിയ ക്വാഡിൽ അംഗമായ ഇന്ത്യ, ചൈനയുമായി വ്യാപാരബന്ധങ്ങൾ തുടരുന്നു. അവരുമൊത്ത് ബ്രിക്സ് കൂട്ടായ്മയിൽ പ്രവർത്തിക്കുന്നു. അമേരിക്ക വിലക്കിയിട്ടും റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് തുടർന്ന ഇന്ത്യ യുഎസ് സഖ്യകക്ഷികളായ യുകെയും യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ടാക്കുന്നു. ഐക്യരാഷ്ട്രസഭ, ജി-20, ബ്രിക്സ് പോലുള്ള കൂട്ടായ്മകളിലും കാലാവസ്ഥാ മാറ്റം, സൗരോർജം, സാങ്കേതികവിദ്യാകൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ കൈക്കൊള്ളുന്ന ശക്തമായ നിലപാടുകൾ കാരണം ഇന്ത്യ വികസ്വരരാജ്യങ്ങളുടെ നേതാവായി മാറിയിരിക്കുന്നു.

ഇന്ത്യയുടെ വളർച്ചയും ലോകവും

ഏഷ്യയിൽ വൻശക്തിയായി ഇന്ത്യ ഉയരുന്നത് ലോകത്തെ ശക്തിസമവാക്യങ്ങളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഇപ്പോൾ തന്നെ ദൃശ്യമാണ്, അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തിന്റെ മാത്രം വേദിയല്ല ഇന്ന് ഇൻഡോ-പസിഫിക്ക്. ഇന്ത്യക്കും നിർണായക സ്വാധീനമുണ്ട് മേഖലയിൽ. മൂന്നാമതൊരു വൻശക്തിയുടെ ആവിർഭാവം ചൈന മാത്രമല്ല, അമേരിക്കയും തലവേദനയായി കാണുന്നുണ്ടെന്ന് സമീപകാല സംഭവങ്ങളിൽ വ്യക്തമാണ്. സൈനികമായി മാത്രമല്ല, മറ്റു രീതികളിലും ഇന്ത്യയെ തളർത്താനും താറടിക്കാനും ശ്രമങ്ങൾ നടക്കുന്നു.

ഈയിടെ ബംഗ്ലാദേശിലെ ധാക്കയിലെത്തിയ നിരവധി ചൈനീസ് വ്ലോഗർമാർ നഗരത്തിലെ വൃത്തികേടുകൾ ചിത്രീകരിച്ച് ന്യൂഡൽഹിയിലെ ദൃശ്യങ്ങളെന്നു പറഞ്ഞ് പ്രചരിപ്പിക്കാൻ ശ്രമിച്ചത് ഉദാഹരണം. നേരത്തേ, സാമ്പത്തിക സൗജന്യങ്ങൾ നൽകി ചൈനയെ തങ്ങൾക്ക് ഭീഷണിയായി വളരാൻ അനുവദിച്ചത് ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് യുഎസിലെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡോ തന്നെ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. തീരുവപ്രശ്നം, എച്ച് വൺ ബി വീസ എന്നീ കാര്യങ്ങളിൽ ഇന്ത്യക്ക് ഒട്ടും സഹായകരമായ നിലപാടല്ല അമേരിക്കയുടേത്.

ഇന്ത്യയുടെ വളർച്ച ചൈനയുടെ തന്ത്രപരമായ കണക്കുകൂട്ടലുകളെ സങ്കീർണ്ണമാക്കുന്നു. സാമ്പത്തിക പ്രലോഭനങ്ങളിലൂടെയോ പരിമിതമായ സൈനിക സമ്മർദ്ദത്തിലൂടെയോ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു അപ്രധാന വിഷയമായി ഇന്ത്യയെ കാണാൻ ഇനി അവർക്ക് കഴിയില്ല. ഹിമാലയൻ അതിർത്തിയിലെ പ്രതിരോധം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ നാവികസാന്നിധ്യം, തെക്കുകിഴക്കൻ ഏഷ്യയിലെ വളർന്നുവരുന്ന പ്രതിരോധപങ്കാളിത്തം എന്നിവ കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ഉൽക്കണ്ഠകൾ വർദ്ധിപ്പിക്കും. പുറമേ, സൈനിക സന്നദ്ധതയ്ക്കു വേണ്ടി വരുന്ന ചിലവും.

പാകിസ്താനും ബംഗ്ലാദേശിനും പരോക്ഷസഹായം നൽകി ഇന്ത്യയെ തുടർന്നും അസ്ഥിരമാക്കി നിലനിർത്താൻ ചൈന ശ്രമിക്കുമെന്ന് ഉറപ്പാണ്. മിസൈലിലെ ഇന്ധനമുണ്ടാക്കാൻ ആവശ്യമുള്ള 405 ടൺ സോഡിയം പെർക്ലോറേറ്റ് കയറ്റിയ ഒരു കപ്പൽ ഇൻഡോനേഷ്യ പിടികൂടിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ചൈനയിൽ നിന്നും ബംഗ്ലാദേശിലേക്കാണ് അയച്ചത്. പക്ഷേ, അയച്ച ആളുമില്ല, കൈപ്പറ്റുന്ന ആളിന് പേരുമില്ല. കപ്പലിന് കൊമോറോസ് ദ്വീപിന്റെ കൊടിയായിരുന്നു. ആർക്കുവേണ്ടിയാണ് ഈ സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്നത് ഗൗരവകരമായ ചോദ്യമാണ്.

സാമ്പത്തികരംഗത്തും സമാനമായ പ്രത്യാഘാതത്തിന് സാധ്യതയേറെയാണ്. ഇന്ത്യയുടെ ആപേക്ഷികസ്ഥിരതയും ജനാധിപത്യ സ്ഥാപനങ്ങളും വിദേശനിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. ചൈനയെ അമിതമായി ആശ്രയിക്കുന്ന വിതരണശൃംഖലകൾ ഇന്ത്യയിലേക്ക് മാറുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ചൈനയിലെ സാമ്പത്തികപ്രതിസന്ധി കൂടുതൽ വഷളായാൽ അതിർത്തിയിൽ സംഘർഷം വർദ്ധിച്ചേക്കുമെന്ന് ഒരുവിഭാഗം വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ആഗോളസൂചികകളും ലോവി റിപ്പോർട്ടും

ഇത്തരം അന്താരാഷ്ട്ര റാങ്കിംഗുകളുടെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണ് എന്നത് മറക്കുന്നില്ല. 2026ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യ 116-ാം സ്ഥാനത്താണ്. കടുത്ത സാമ്പത്തിക തകർച്ചയും രാഷ്ട്രീയ അസ്ഥിരതയും നേരിടുന്ന പാകിസ്താനും (104) ദാരിദ്ര്യവും ആഭ്യന്തരയുദ്ധവും കാരണം പൊറുതിമുട്ടുന്ന നിരവധി ആഫ്രിക്കൻ രാജ്യങ്ങൾക്കും പിന്നിൽ. മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 157-ാം സ്ഥാനത്താണ്. സൂചിക പ്രകാരം ന്യൂനപക്ഷങ്ങളും മാധ്യമപ്രവർത്തകരും കടുത്ത അടിച്ചമർത്തൽ നേരിടുന്ന ബംഗ്ലാദേശും (152) പാകിസ്താനും (153) ഇന്ത്യയെക്കാൾ മുകളിലാണ്, ഇന്ത്യക്ക് തൊട്ടുമുകളിലുള്ള പലസ്തീനിൽ യുദ്ധം തുടരുകയാണ്!

സന്തോഷ, മാധ്യമസ്വാതന്ത്ര്യ സൂചികകളെക്കാൾ കൂടുതൽ അളക്കാവുന്ന സൂചകങ്ങളെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ് ആശ്രയിക്കുന്നു, എങ്കിലും അതിനും അതിന്റേതായ പരിമിതികളുണ്ട്്. ഈ റിപ്പോർട്ട് ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നൽകുന്നതാണെങ്കിലും, ഇതിലെ കണക്കുകളെയും റാങ്കിംഗുകളെയും യാഥാർത്ഥ്യബോധത്തോടെ വേണം സമീപിക്കാൻ.

ഉദാഹരണത്തിന് അമേരിക്കയുടെ മൂന്ന് വിമാനവാഹിനിക്കപ്പലുകളാണ് ഇപ്പോൾ മധ്യപൂർവേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലും ഇത്തരത്തിൽ സൈനികശക്തി വിന്യസിക്കാൻ ഇന്ന് അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ചൈനയ്ക്ക് ഏഷ്യയിൽ പോലും സാധിക്കില്ല. അതുപോലെ, റാങ്കിംഗിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയുടെ ആയുധശേഖരത്തിന്റെ പകുതിയോളം റഷ്യയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നും രണ്ടാമതുള്ള ചൈന റഷ്യൻ എണ്ണയെ വൻതോതിൽ ആശ്രയിക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. പട്ടികയിൽ റഷ്യ അഞ്ചാം സ്ഥാനത്താണ്.