മനില: പ്രാദേശിക സമാധാനവും സ്ഥിരതയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനായി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയതായി മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടി. ഇന്ത്യയടക്കമുള്ള നാല് അംഗരാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ, വാണിജ്യം, സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉച്ചകോടി കൈക്കൊണ്ടു

To advertise here,

ബലപ്രയോഗത്തിലൂടെയോ ഭീഷണികളിലൂടെയോ നിലവിലുള്ള സ്ഥിതിഗതികൾ മാറ്റാൻ ശ്രമിക്കുന്ന മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന നടപടികളെയും ഏകപക്ഷീയ നീക്കങ്ങളെയും നാല് രാജ്യങ്ങളും ഒരുപോലെ എതിർത്തു. ഏകപക്ഷീയമായ കയറ്റുമതി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സമ്മർദ്ദ തന്ത്രങ്ങളിൽ ഉച്ചകോടി ശക്തമായ ആശങ്ക രേഖപ്പെടുത്തി.

നിർണ്ണായകമായ വിതരണ ശൃംഖലകൾ സംരക്ഷിക്കുന്നതിനും, കപ്പൽഗതാഗതത്തിന്റെയും വിമാനസഞ്ചാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും, തുറന്നതും സുരക്ഷിതവുമായ സമുദ്ര ഇടനാഴികൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനമായി.

സ്വകാര്യ മേഖലകൾ തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി 2027 തുടക്കത്തിൽ ആദ്യ 'ക്വാഡ് ബിസിനസ് ലീഡേഴ്സ് ഫോറം' സംഘടിപ്പിക്കും. അറ്റ്ലാന്റയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പ്രഖ്യാപിച്ച 'എഐ ആക്സിലറേറ്റർ' പദ്ധതിക്ക് ഉച്ചകോടി അംഗീകാരം നൽകി. കടൽപ്പാതകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 'ഇൻഡോ-പസഫിക് മാരിടൈം സർവൈലൻസ് കൊളാബറേഷൻ' എന്ന പുതിയ സംരംഭം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2027-ൽ ക്വാഡിന്റെ ചരിത്രത്തിൽ ആദ്യമായി നാല് രാജ്യങ്ങളുടെയും പട്രോൾ വിമാനങ്ങൾ സംയുക്തമായി പങ്കെടുക്കുന്ന സമുദ്ര നിരീക്ഷണ അഭ്യാസം നടക്കും.

ഡിജിറ്റൽ, ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി 'ക്വാഡ് പാർട്ണർഷിപ്പ് ഫോർ കേബിൾ കണക്റ്റിവിറ്റി ആൻഡ് റെസിലിയൻസ്' പദ്ധതി വിപുലീകരിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷിതവും തുറന്നതുമായ സൈബർ സ്പേസ് ഉറപ്പാക്കാൻ ശക്തമായ സൈബർ സുരക്ഷാ സഹകരണം നടപ്പിലാക്കും. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള എല്ലാത്തരം ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദത്തെയും ഉച്ചകോടി അപലപിച്ചു. ഭീകരവാദത്തിനെതിരെയുള്ള ക്വാഡ് സഹകരണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഫോട്ടോസെഷനിടെ സ്‌പോട്ട് മാർക്കറായി ഉപയോഗിച്ചിരുന്ന ഇന്ത്യൻ ദേശീയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി തറയിൽനിന്ന്് എടുത്തുമാറ്റി. ഇത് കണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അത് സൂക്ഷിച്ച് വെക്കൂവെന്ന് പ്രതികരിച്ചു.

ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ഫോട്ടോയെടുക്കാൻ പ്രധാനമന്ത്രി മോദി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബേനിസ്, ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈചി എന്നിവർ ഒന്നിച്ചുനിന്നപ്പോഴാണ് ഈ സംഭവം ഉണ്ടായത്.

പ്രധാനമന്ത്രി മോദി ചെറിയ ഇന്ത്യൻ പതാകയുൾപ്പെട്ട മാർക്കർ എടുത്തപ്പോൾ, ട്രംപ് 'അത് സൂക്ഷിച്ചുവെക്കൂ' എന്ന് അഭിപ്രായപ്പെട്ടു. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15ാമത് ബ്രിക്സ് ഉച്ചകോടി വേദിയിലും സമാനമായ രംഗം ഉണ്ടായിരുന്നു.

യോഗത്തിനിടയിൽ, 'ക്വാഡ്' എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിയാത്മകവും വിശ്വസ്തവുമായ ഒരു പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള പ്രധാന വെല്ലുവിളികളെ നേരിടുന്നതിൽ ഇതിനുള്ള പങ്കിനെ അദ്ദേഹം എടുത്തു പറയുകയും ചെയ്തു.