ലഖ്‌നൗ: ടാറ്റ പറഞ്ഞിറങ്ങാമെന്ന് കരുതിയാവണം ആ 12 പേരും തീവണ്ടിക്കുള്ളിൽ കയറിയത്. എന്നാൽ, വന്ദേഭാരത് കരുതിവെച്ചത് അപ്രതീക്ഷിത 'പണി'യായിരുന്നു. പ്രിയപ്പെട്ടവരെ യാത്രയാക്കാൻ വാരാണസി-ന്യൂഡൽഹി വന്ദേഭാരതിൽ കയറിയ 12 പേർക്കാണ് ഭീമൻ തുക പിഴയായി കിട്ടിയത്. പിഴ മാത്രമല്ല, 79 മിനിറ്റ് നീണ്ട യാത്രയും 'ശിക്ഷ'യായി ലഭിച്ചു.

To advertise here,

ഉത്തർപ്രദേശിലെ കാൻപുരിൽ ഞായറാഴ്ചയാണ് സംഭവം. സെൻട്രൽ െറയിൽവേ സ്റ്റേഷനിൽ 9.26-ന് വന്ദേഭാരത് എത്തി. പ്രിയപ്പെട്ടവരെ യാത്രയാക്കാനും ലഗേജും മറ്റും തീവണ്ടിക്കുള്ളിൽ എടുത്തുവെക്കാനുമാണ് 12 പേർ അവർക്കൊപ്പം കയറിയത്. യാത്രാ ടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ കൈയിലില്ലതാനും. 9.30-ഓടെ വന്ദേഭാരതിന്റെ യന്ത്രവാതിൽ അടഞ്ഞു, വണ്ടി സ്റ്റേഷനും വിട്ടു. പുറത്തിറങ്ങാനാവാത്തവിധം 12 പേരും കുടുങ്ങി. വണ്ടി നിർത്തണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്ലാത്തതിനാൽ അതുനടന്നില്ല. കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം 10.49-ന് ഇറ്റാവ ജങ്ഷനിൽ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചു. യാത്രാടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാത്തതിന് ഒരാൾക്ക് 3000 രൂപ വീതം 36,000 രൂപ റെയിൽവേ പിഴയിട്ടു.