ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതപ്പെടുന്ന ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വെടിവെച്ചു കൊന്നതിന് പിന്നാലെ, സിആർപിഎഫ് ഡയറക്ടർ ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിങ് രൂക്ഷവും എന്നാൽ പരോക്ഷവുമായ ഒരു സന്ദേശം പങ്കുവെച്ചു.

To advertise here,

'അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ. ചില വിഭവങ്ങൾ തണുത്ത കാലാവസ്ഥയിൽ പോലും, നന്നായി തണുപ്പിച്ചശേഷം വിളമ്പുന്നതാണ് ഏറ്റവും ഉചിതം' ജിപി സിങ് എക്സിൽ കുറിച്ചു. ഇന്ന് പുലർച്ചെയാണ് ലത്തീഫ് ഭട്ട് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ വിജയം ആഘോഷിക്കുകയും ചെയ്തു.

കുൽഗാം ജില്ലയിലെ ഒരു സിആർപിഎഫ് പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ് ഏഴ് ദിവസത്തിന് ശേഷമാണ് ഈ ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീർ പോലീസ് (ജെ.കെ.പി), ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ ഏകോപിത ശ്രമത്തിലൂടെ നടത്തിയ ഓപ്പറേഷനുശേഷം മടങ്ങിയെത്തിയ സൈനികർ ആഹ്ലാദപ്രകടനം നടത്തുന്നതും 'ലത്തീഫ് വധിക്കപ്പെട്ടു' എന്ന് ആർത്തുവിളിക്കുന്നതും പ്രദേശവാസികൾ പകർത്തിയ വീഡിയോകളിൽ കാണാമായിരുന്നു. ഒരു പള്ളിക്ക് ഉള്ളിൽ കുടുങ്ങിയ ഭട്ട്, കീഴടങ്ങാൻ സുരക്ഷാ സേന നടത്തിയ തുടർച്ചയായ അഭ്യർഥനകൾ നിരസിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടലിലൂടെ അവസാനിച്ചത്. ഓപ്പറേഷനിടയിൽ പള്ളിക്ക് കേടുപാടുകളൊന്നും വരുത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീകരവാദത്തോടുള്ള സർക്കാരിന്റെ സമീപനത്തിൽ മാറ്റമുണ്ടായതിന്റെ തെളിവാണ് ഈ കൊലപാതകമെന്ന് അവകാശപ്പെട്ട് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആഘോഷത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചു.

ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ കരസേന, സി.ആർ.പി.എഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയിലെ ധീരരായ ജവാന്മാരെ രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.

'ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ കരസേന, സി.ആർ.പി.എഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനഫലമായി, കശ്മീർ താഴ്വരയിൽ ലഷ്കറിന്റെ സജീവ പ്രവർത്തകനായിരുന്ന അവസാനത്തെ പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ, ഇന്ന് പുലർച്ചെ കുൽഗാമിൽ നടന്ന ഓപ്പറേഷനിലൂടെ വധിച്ചു. ഇയാളുടെ കൂട്ടാളിയായ ഉമർ നിസാറിനെയും തലേദിവസം കുൽഗാമിൽ വെച്ച് തന്നെ വധിച്ചിരുന്നു. വലിയ ഏകോപനത്തോടെയാണ് ഈ മുഴുവൻ ദൗത്യവും പൂർത്തിയാക്കിയത്' അമിത് ഷാ വ്യക്തമാക്കി.