കോട്ട: രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ഹീമോ ഡയലാസിസിന് മുന്നോടിയായുള്ള ശസ്ത്രക്രിയ (Dialysis Access Surgery) ചെയ്തുവെന്ന് പരാതി. അപകടത്തില്‍ പരിക്കേറ്റ മനീഷ് എന്ന യുവാവ് ചികിത്സ തേടുമ്പോഴായിരുന്നു സംഭവം. മനീഷിന്റെ കാലിലെ ശസ്ത്രക്രിയ തീരുന്നത് കാത്തിരിക്കുകയായിരുന്നു പിതാവായ ജഗദീഷ്. ഈ സമയത്താണ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു നഴ്‌സ് ജഗദീഷ് എന്ന പേര് വിളിക്കുന്നത്. നഴ്‌സ് വിളിച്ചത് മറ്റൊരു ജഗദീഷിനെയായിരുന്നു. എന്നാല്‍, അത് തന്നെയാണെന്ന് കരുതി ഇദ്ദേഹം അവരുടെ കൂടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയി. 

To advertise here,

ഹീമോ ഡയാലിസിസിന്റെ ഭാഗമായ എ.വി. ഫിസ്റ്റുല (ആര്‍ട്ടീരിയോവീനസ് ഫിസ്റ്റുല) കയ്യില്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്കാണ്  ജഗദീഷിനെ വിധേയനാക്കിയത്. ഈ സമയത്ത് ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിച്ച ഒരു ഡോക്ടർ തെറ്റായ ആളെയാണ് വിളിച്ച് കൊണ്ടുവന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് ജഗദീഷിന്റെ കൈയ്യിലുണ്ടാക്കിയ മുറിവ് കെട്ടിവച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു.  

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു കുറേക്കാലം ജഗദീഷ്. കൈകള്‍ക്ക് സ്വാധീനം കുറവാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വീട്ടില്‍ പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായിരുന്നുവെന്ന് മകന്‍ പറയുന്നു.  ശസ്ത്രക്രിയ നടത്തുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് കാത്തിരിക്കാന്‍ പിതാവിനോട് ആവശ്യപ്പെട്ടതായും മനീഷ് പറഞ്ഞു. കയ്യില്‍ മുറിവ് കെട്ടിയ കണ്ടപ്പോഴാണ് കാര്യം തിരക്കിയത്. അപ്പോഴാണ് സംഭവം അറിയുന്നതെന്നും മനീഷ് വ്യക്തമാക്കി.

സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്ന് കോട്ട മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. സംഗീത സക്സേന പറഞ്ഞു. എന്താണ് നടന്നതെന്ന് വ്യക്തമായി അന്വേഷിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.