കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാതശിശുവിന്റെ ചികിത്സയ്ക്കിടെ ശരീരത്തിൽ സൂചി തറഞ്ഞുകയറിയെന്നും ചികിത്സാപ്പിഴവിനെത്തുടർന്ന്‌ ഒരു വർഷത്തോളം കുഞ്ഞ്‌ വേദനയനുഭവിച്ചെന്നും പരാതി. കോഴിക്കോട്‌ ചാത്തമംഗലം ചൂലൂർ നടൂലയിൽ ടി.ടി. വിനീഷിന്റെയും അഞ്‌ജുവിന്റെയും മകൾ അദ്വികയുടെ ദേഹത്താണ്‌ സൂചി കുടുങ്ങിയത്‌. ഒരു വർഷത്തിനുശേഷം ഇക്കഴിഞ്ഞ ജൂലായിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്‌ത്രക്രിയയിലാണ്‌ ഒന്നേകാൽ വയസ്സുള്ള അദ്വികയുടെ ശരീരത്തിൽ നിന്ന്‌ സൂചി പുറത്തെടുത്തത്‌.

To advertise here,

ഏറ്റുമാനൂർ കിടങ്ങൂർ കട്ടച്ചിറയിലാണ്‌ അഞ്‌ജുവിന്റെ വീട്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്‌ അഞ്‌ജു. കഴിഞ്ഞവർഷം ജൂൺ 24-ന്‌ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. കുഞ്ഞിന്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും മഞ്ഞനിറം കാണുകയും ചെയ്‌തതോടെ നവജാതശിശുക്കളുടെ ഐ.സി.യു.വിലേക്ക്‌ മാറ്റി. എൻ.ഐ.സി.യുവിൽ കഴിയുന്നതിനിടെ ശരീരത്തിന്റെ വലതുഭാഗത്ത്‌ വാരിയെല്ലിന്റെ ഭാഗത്ത് ചെറിയ തടിപ്പ് കണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോൾ സ്‌കാൻചെയ്‌ത്‌ നോക്കാമെന്നും ഡോക്‌ടർ പറഞ്ഞിരുന്നു.

സ്‌കാനിങ്‌ റിപ്പോർട്ട്‌ വന്നപ്പോൾ കുഴപ്പമില്ലെന്നാണ് പറഞ്ഞത്‌. ഇതിനിടെ കുട്ടിക്ക്‌ പനി വന്നു. പിന്നീട്‌ ആശുപത്രി വിട്ടു. രണ്ടാഴ്‌ച കഴിഞ്ഞ്‌ വീണ്ടും സ്‌കാൻ ചെയ്‌തപ്പോഴും പ്രശ്നമില്ലെന്നാണ് പറഞ്ഞത്‌. തടിപ്പും ചുവപ്പുനിറവും അപ്പോഴുമുണ്ടായിരുന്നു. ദമ്പതിമാർ കോഴിക്കോട്ടേക്ക്‌ മടങ്ങി. കുഞ്ഞ്‌ പതിവായി കരച്ചിലായിരുന്നു. രണ്ടുമാസംമുമ്പ്‌ ശരീരത്തിൽ അതേഭാഗത്ത്‌ വലിയ തോതിൽ വീക്കം കണ്ടു. ട്യൂമറാണോയെന്ന സംശയത്തിൽ ജൂലായ് പത്തിന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ കാണിച്ചു. അവിടെ വീണ്ടും സ്‌കാൻചെയ്‌തു. എക്‌സ്‌റേയുമെടുത്തു. അപ്പോഴാണ്‌ സൂചി തറച്ചത് കണ്ടെത്തിയത്‌. ശസ്‌ത്രക്രിയയിലൂടെ സൂചി നീക്കി. ഒരിഞ്ച്‌ നീളമുണ്ടായിരുന്നെന്ന്‌ അഞ്ജു പറയുന്നു.

ചികിത്സാപ്പിഴവ്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മാതാപിതാക്കൾ ഒരുമാസംമുമ്പ്‌ കോട്ടയം മെഡിക്കൽ കോളേജ്‌ സൂപ്രണ്ടിന്‌ പരാതി കൊടുത്തു. പിന്നീട്‌ ആരോഗ്യമന്ത്രിക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. ഫ്രെഡറിക്‌ പോളിനെ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ സൂപ്രണ്ട്‌ ഡോ. ടിജി തോമസ്‌ ജേക്കബ്‌ പറഞ്ഞു. റിപ്പോർട്ട്‌ കിട്ടിയാൽ തുടർനടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.