ബ്യൂണസ് ഐറിസ്: അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥ മൂലമാണെന്ന ആരോപണങ്ങൾ ബലപ്പെടുത്തി ഫോറൻസിക് വിദഗ്ധന്റെ മൊഴി. 2020-ൽ മാറഡോണ അന്തരിക്കുന്നതിന് മുന്നോടിയായി അദ്ദേഹം പ്രകടിപ്പിച്ച ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മെഡിക്കൽ സംഘം അവഗണിച്ചുവെന്ന് ഫോറൻസിക് ഫിസിഷ്യൻ കാർലോസ് കാസിനെല്ലി അർജന്റീനയിലെ കോടതിയെ അറിയിച്ചു.

To advertise here,

മാറഡോണയുടെ ആരോഗ്യനില പരിശോധിച്ച മെഡിക്കൽ ബോർഡിലെ അംഗമായ കാസിനെല്ലി, മരണത്തിന് ആഴ്ചകൾക്ക് മുമ്പ് അദ്ദേഹത്തിന്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നതായി കോടതിയിൽ പറഞ്ഞു. കാലുകളിലും വിരലുകളിലുമുണ്ടായ നീർവീക്കം, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദം, അസാധാരണമാംവിധം വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ മെഡിക്കൽ സംഘം ഗൗരവമായി കാണേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങളായിരുന്നു. എന്നാൽ ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും അതിന്റെ കാരണങ്ങൾ അന്വേഷിക്കാനോ ചികിത്സാരീതിയിൽ മാറ്റം വരുത്താനോ ഡോക്ടർമാർ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മാറഡോണയെ വീട്ടിലെ ശുശ്രൂഷയിലേക്ക് മാറ്റിയത് വലിയ തെറ്റായിരുന്നുവെന്ന് കാസിനെല്ലി അഭിപ്രായപ്പെട്ടു. മാറഡോണയുടെ ആരോഗ്യസ്ഥിതി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും, കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാൻ ഡോക്ടർമാർക്ക് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ മൊഴി നൽകി. മരണത്തിന് മുമ്പ് ഏകദേശം 12 മണിക്കൂറോളം മാറഡോണ കടുത്ത വേദനയും പ്രയാസവും അനുഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2020 നവംബറിൽ ഹൃദയസ്തംഭനവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മാറഡോണയുടെ മരണത്തിലേക്ക് നയിച്ചത്. അശ്രദ്ധമായ ചികിത്സ മരണത്തിന് കാരണമായെന്നാരോപിച്ച് ഏഴ് ആരോഗ്യ പ്രവർത്തകരാണ് നിലവിൽ വിചാരണ നേരിടുന്നത്. എന്നാൽ മാറഡോണയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നും അദ്ദേഹത്തിനുണ്ടായിരുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ലഹരി ഉപയോഗവുമാണ് ഇതിലേക്ക് നയിച്ചതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.