ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച റിപ്പോർട്ട് എഐസിസി നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നികുമാണ് റിപ്പോർട്ട് കൈമാറിയത്. ഇതിനിടെ എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്‌നിക് അറിയിച്ചു. അത് തെറ്റാണെന്നും യഥാർത്ഥമല്ലെന്നും വാസ്‌നിക് പ്രതികരിച്ചു.
മുകുൾ വാസ്നികിന്റെ കൈവശമുള്ള പട്ടിക എന്ന നിലയിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നാണ് സൂചന.
എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുൾ വാസ്നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്. ഇതിൽ പത്തോളം എംഎൽഎമാരുടെ പേരുകൾ കാണാം. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നീ എംഎൽഎമാരുടെ പേരുകൾ ഇതിൽ കൃത്യമായി കാണാൻ കഴിയും. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ കെ.സി, ആർ.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആർ.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.
പട്ടികയിൽ ഒന്നാമനായുള്ള കെ. നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിട്ടില്ല. ഉദുമയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ് കെ. നീലകണ്ഠൻ.
63 കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നുണ്ട്. ഇത് ശരിവെക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. 45-ലേറെ പേരുടെ പിന്തുണ കെ.സി. പക്ഷവും 35 ലേറെ എംഎൽഎമാരുടെ പിന്തുണ സതീശൻ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.
എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നികും നിയുക്ത എം.എൽ.എ.മാരിൽനിന്നും ഘടകക്ഷിനേതാക്കളിൽനിന്നും കഴിഞ്ഞ ദിവസം അഭിപ്രായം തേടിയിരുന്നു.
Content Highlights: AICC observers Ajay Maken and Mukul Wasnik submitted the report on Kerala CM selection to Mallikarjun Kharge., Controversy arises over a leaked document showing MLA preferences for leadership candidates
Published: 08 May 2026, 01:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented