ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി.
ന്യൂസ് 18 ചാനലുമായി നടത്തിയ അഭിമുഖത്തിനിടെയാണ് കെജ്രിവാള് സിദ്ദുവിന്റെ നീക്കത്തിന് വ്യക്തത വരുത്തിയത്. കൊറോണയുടെ ഘട്ടത്തില്‍ കൂടുതല്‍ രാഷ്ട്രീയ വിശദീകരണം നല്‍കുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ദുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
2017-ലാണ് ബിജെപി വിട്ട് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു.
കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും എ.എ.പി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു.
Content Highlights: Kejriwal Says Sidhu ‘Welcome’ to Join AAP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..