
ബെംഗളൂരു: കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ പട്ടികയിൽ പ്രമുഖ ഇന്ത്യൻ വ്യവസായി നന്ദൻ നിലേകനിയും നടൻ ശിവരാജ് കുമാറും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ. ആധാർ പദ്ധതിയുടെ സ്ഥാപക ചെയർമാനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനി, ഭാര്യ രോഹിണി നിലേകനി, മകൻ നിഹാർ, മകൾ ജാഹ്നവി എന്നിവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭാരതരത്ന ജേതാവായ ശാസ്ത്രജ്ഞൻ സി.എൻ.ആർ. റാവു, കന്നഡ നടൻ ശിവരാജ് കുമാർ, സെറോദ സ്ഥാപകരായ നിഖിൽ കാമത്ത്, നിതിൻ കാമത്ത്, പത്മശ്രീ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ ഹരേകല ഹജബ്ബ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
2002-ലെ മുൻ എസ്.ഐ.ആർ വിവരങ്ങളുമായി നിലവിലെ എൻട്രികൾ ഒത്തുനോക്കാൻ സാധിക്കാത്തതാണ് നിലേകനി കുടുംബത്തിന്റെയും ശിവരാജ് കുമാറിന്റെയും പേരുകൾ പട്ടികയിൽ വരാൻ കാരണം. മാതാപിതാക്കളുടെ പേരിൽ വന്ന വ്യത്യാസമാണ് കാമത്ത് സഹോദരന്മാരുടെ പേര് ഉൾപ്പെടാൻ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രൊഫ. സി.എൻ.ആർ. റാവുവിന്റെ കാര്യത്തിൽ പേരിലെ അക്ഷരത്തെറ്റിനെത്തുടർന്നാണ് തിരിച്ചറിയൽ നടപടിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. സംഭവം വിവാദമായതോടെ, അദ്ദേഹം നേരിട്ട് ഹാജരാകേണ്ടെന്നും ജീവനക്കാർ വീട്ടിലെത്തി വിവരം ശേഖരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പത്മശ്രീ ജേതാവ് ഹരേകല ഹജബ്ബയുടെ പേരുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി രേഖകൾ ശേഖരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കർണാടകയിലുടനീളം വോട്ടർ പട്ടികയിൽ വിവരങ്ങൾ മാപ്പ് ചെയ്യാത്തതും ക്രമക്കേടുകൾ ഉള്ളതുമായ വോട്ടർമാർക്കായി 43,81,141 നോട്ടീസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ 7,31,770 നോട്ടീസുകൾ വിതരണം ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ കരട് പട്ടികയിൽനിന്ന് ഏകദേശം 1.07 കോടി പേരുകൾ നീക്കം ചെയ്തിരുന്നു. നിലവിലെ പിശകുകൾ പരിഹരിക്കുന്നതിനായുള്ള ഹിയറിങ്ങുകൾ ഒക്ടോബർ 12 വരെ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Nandan Nilekani, family, and other prominent figures are included in Karnataka's voter list discrepancy list., Issues stem from unmapped SIR data from 2002 and parent name mismatches., Authorities directly updated Prof. C.N.R. Rao's details and resolved issues for Padma Shri awardee Harekal Hajabba., Election Commission has prepared over 43 lakh notices for unmapped voters with hearings ongoing.
Published: 10 Sept 2026, 12:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented