ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

To advertise here,

പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല. മുൻപ് പ്രധാനമന്ത്രിയുടെ മാതാവിനെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും, 'മരണത്തിന്റെ വ്യാപാരി' എന്ന് അദ്ദേഹത്തെ വിളിക്കുകയും, 'ചായക്കടക്കാരൻ' എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ കുറിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ദിനംപ്രതി മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അമിത് ഷാ എക്സിലെ കുറിപ്പിൽ കുറ്റപ്പെടുത്തി.

കഴിഞ്ഞ 12 വർഷമായി തുടർച്ചയായി നേരിടുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം കോൺഗ്രസ് വലിയ നിരാശയിലാണ്. നിലപാടുകളോ വ്യക്തമായ വിഷയങ്ങളോ ഇല്ലാത്തതിനാൽ കേവലം അധിക്ഷേപ രാഷ്ട്രീയം മാത്രമാണ് പാർട്ടിക്ക് മുന്നിലുള്ളത്. ജനങ്ങൾക്കിടയിൽ സ്വാധീനം നഷ്ടപ്പെട്ട കോൺഗ്രസിന് സ്വന്തം പ്രവർത്തകർക്കിടയിലും വിശ്വാസ്യത ഇല്ലാതാവുകയാണ്- അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരേ ഇത്തരം വൃത്തികെട്ട പരാമർശങ്ങൾ നടത്തുമ്പോഴെല്ലാം രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന് ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും വരും ദിനങ്ങളിലും ജനങ്ങൾ ഇതിന് തക്കതായ തിരിച്ചടി നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.

ബിഹാറിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു നരേന്ദ്ര മോദിക്കെതിരേ ഖാർഗെയുടെ വിവാദ പരാമർശം ഉണ്ടായത്. ഖാർഗെ പ്രസംഗിക്കവേ, സദസ്സിൽനിന്നൊരാൾ മോദിയെ അനുകൂലിച്ച് സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കംകുറിച്ചത്. മോദി എവിടെയും പോകില്ല എന്നായിരുന്നു സദസ്സിലുണ്ടായിരുന്നയാൾ പറഞ്ഞത്. ഇതിനോട്, മോദിയുടെ അച്ഛനുവരെ പോകേണ്ടിവരുമെന്നായിരുന്നു ഖാർഗെയുടെ മറുപടി. പിന്നാലെ മോദി അനുകൂല പരാമർശം നടത്തിയ ആളെ വേദിയിൽനിന്ന് നീക്കംചെയ്യുകയും ചെയ്തു.