കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 9 പേരുടെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേർക്ക് ​ഗുരുതരമായി പരിക്കേറ്റെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. അതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയാണുള്ളത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്ത് എന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും ചരക്ക് തീവണ്ടി സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

To advertise here,

അപകടത്തിൽ മൊത്തം 41 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്. ട്രെയിനുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മിക്കവരും മരിച്ചത്. 

ജീവനക്കാരുടെ പിഴവ്?
അപകടകാരണത്തെ കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ജീവനക്കാരുടെ പിഴവാണ് അപകടത്തിലേക്ക് നയിച്ചത് എന്ന പ്രാഥമിക നി​ഗമനത്തിലാണ് റെയിൽവേ. കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്നിൽ ചരക്കുതീവണ്ടി ഇടിച്ചു കയറുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.

ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റിയെന്നും അദ്ദേഹം പറഞ്ഞു. സി​ഗ്നൽ തെറ്റിച്ചെത്തിയ ​ചരക്കു ട്രെയിൻ, എക്സ്പ്രസിന്റെ പിന്നിലെ പാർസൽ കോച്ചിൽ ഇടിച്ചെന്നാണ് എഎൻഐ റിപ്പോർട്ടു ചെയ്യുന്നത്.  

അപകടകാരണം അറിയാനുള്ള പ്രധാന സാധ്യത ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റിനോട് സംസാരിക്കുക എന്നുള്ളതായിരുന്നുവെന്നും എന്നാൽ ദൗർഭാ​ഗ്യവശാൽ അദ്ദേഹം മരണപ്പെട്ടെന്നും റെയിൽവേ ബോർഡ് ചെയർപേഴ്സൺ രേഖ ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

കാഞ്ചന്‍ജംഗ എക്സ്പ്രസിലേത് പഴയ കോച്ചുകൾ
ഉയർന്ന സുരക്ഷാസംവിധാനമുള്ള എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ആയിരുന്നില്ല കാഞ്ചന്‍ജംഗ എക്സ്പ്രസിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ജർമൻ സാങ്കേതിവിദ്യ ഉപയോ​ഗിച്ചുള്ള ഇത്തരം കോച്ചുകൾ പരസ്പരം ഇടിച്ചുകയറില്ല എന്നതാണ് പ്രധാന സവിശേഷത. സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിതമായ എൽഎച്ച്ബി കോച്ചുകൾക്ക് ഇരുമ്പിൽ നിർമിക്കുന്ന സാധാരണ കോച്ചുകളേക്കാൾ ചെലവ് കൂടുതലാണ്. 

ട്രെയിനിന്റെ വേ​ഗത വർധിപ്പിക്കാൻ എൽഎച്ച്ബി കോച്ചുകൾക്ക് കഴിയും. പുറം സ്റ്റെയിൻലെസ് സ്റ്റീലും ഉൾവശം അലൂമിനിയവും ഉപയോഗിച്ച് നിർമിച്ചതിനാൽ സാധാരണ കോച്ചുകളേക്കാൾ ഇവയ്ക്ക് ഭാരം കുറവായിരിക്കും. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റി ട്രെയിനുകൾ നവീകരിക്കുന്ന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും കാഞ്ചന്‍ജംഗ എക്സ്പ്രസ് ഉൾപ്പടെ പല പ്രധാന ട്രെയിനുകളിലും ഇപ്പോഴുമുള്ളത് ഇന്റ​ഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമിച്ച പഴയ കോച്ചുകളാണ്. 

അനുശോചിച്ച് പ്രധാനമന്ത്രി

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സ്ഥിതി​ഗതികൾ വലിയിരുത്താൻ ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേതൃത്വം നൽകുന്നുണ്ട്. സംഭവം ദുഃഖകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പരിക്കേറ്റവർ എത്രയുംവേ​ഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തത്തിൽ അനുശോചിച്ചു. 

അതേസമയം, ബാലസോറിലെ വലിയ ട്രെയിൻ ദുരന്തത്തിനു പിന്നാലെ പശ്ചിമ ബം​ഗാളിൽ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോൺ​​ഗ്രസും ആർജെഡിയും ഉൾപ്പടെ വിവിധ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.  

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ത്രിപുരയിലെ അ​ഗർത്തലയിൽനിന്ന് പശ്ചിമ ബം​ഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്സ്പ്രസും ചരക്കുതീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്. ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്രയാരംഭിച്ച എക്സ്പ്രസ് സിലി​ഗുരിക്ക് സമീപം രം​ഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ബം​ഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികളും ട്രെയിലെ യാത്രക്കാരായിരുന്നു എന്നാണ് സൂചന.