ഭോപ്പാൽ: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നിലവിലെ അവസ്ഥയെയും ഗുണനിലവാരത്തെയും വിമർശിച്ച് മധ്യപ്രദേശ് നഗരവികസന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയ്‌വർഗീയ. ഭോപ്പാലിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

To advertise here,

ബിജെപി അധികാരത്തിൽവന്നതോടെ ആർഎസ്എസ് സംഘടന അതിവേഗം വളർന്നുവെങ്കിലും അതിനുള്ളിൽ ‘നല്ല മനുഷ്യരുടെ ക്ഷാമം’ ഉണ്ടെന്നായിരുന്നു കൈലാഷിൻ്റെ പ്രസ്താവന. ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി പേർ പെട്ടെന്ന് സ്വയം 'സംഘ് പ്രവർത്തകർ' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. സംഘടനയുമായി വർഷങ്ങളായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ പലരും ശ്രമിക്കുകയാണ്. താൻ മുൻപ് ശാഖകളിൽ പോയിട്ടുണ്ടെന്നും തന്റെ പിതാവ് 'ശാഖാ' പ്രമുഖ് ആയിരുന്നുവെന്നും അവകാശപ്പെട്ട് ഉദ്യോഗസ്ഥർ തങ്ങളെ സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ വ്യാപ്തി വർധിക്കുമ്പോഴും അതിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികളുടെ വികാസം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടന വളരുകയും പ്രത്യയശാസ്ത്രം പ്രചരിക്കുകയും ചെയ്യുമ്പോൾ നല്ല മനുഷ്യരില്ലെങ്കിൽ ആ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് വിജയ്‌വർഗീയ ചോദിച്ചു. എണ്ണം വർധിപ്പിക്കുന്നതിനേക്കാൾ ഗുണമേന്മയുള്ള വ്യക്തികളെ വളർത്തിയെടുക്കുന്നതിലാണ് ഒരു പ്രത്യയശാസ്ത്ര സംഘടനയുടെ കരുത്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വേദിയിലുണ്ടായിരുന്ന മുതിർന്ന ആർഎസ്എസ് പ്രവർത്തകരെ സത്യസന്ധതയുടെയും അർപ്പണബോധത്തിന്റെയും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വ്യക്തിത്വങ്ങൾ ഇപ്പോൾ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. 

വിജയ്‌വർഗീയയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് കോൺഗ്രസ് നേതാവ് കെ.കെ. മിശ്ര പറഞ്ഞു. വിജയ്‌വർഗീയയുടെ നിരീക്ഷണങ്ങളിൽ സത്യമുണ്ട്. ഭരണകക്ഷിയോട് ഉദ്യോഗസ്ഥവൃന്ദം കാണിക്കുന്ന അമിത വിധേയത്വമാണത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ താൽപ്പര്യത്തിനനുസരിച്ച് തങ്ങളുടെ ചിന്താഗതി മാറ്റുന്നതിൽ വൈദഗ്ധ്യമുള്ളവരാണെന്നും ഉടൻതന്നെ അവർ ഔദ്യോഗികമായി ആർഎസ്എസിൽ ചേർന്നേക്കുമെന്നും മിശ്ര കൂട്ടിച്ചേർത്തു.