
ജമ്മു: കാൻസർ, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് നിർമ്മിക്കാൻ ആരംഭിച്ച പ്രഥമ മെഡിക്കൽ കഞ്ചാവ് ഗവേഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്. അന്താരാഷ്ട്ര നിലവാരമുള്ള വേദനസംഹാരികളും മരുന്നുകളും വികസിപ്പിക്കുകയാണ് ജമ്മുവിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (CSIR-IIIM) എന്ന സംരംഭത്തിന്റെ ലക്ഷ്യം.
വിദേശ കമ്പനികളുടെ കൂടി പങ്കാളിത്തത്തോടെ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മരുന്നുകളുടെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മുംബൈയിലെ പ്രമുഖ കാൻസർ ഗവേഷണ സ്ഥാപനമായ ടാറ്റാ മെമ്മോറിയൽ സെന്ററുമായി നിലവിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഗവേഷണവും അനുമതികളും പൂർത്തിയാകുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഔഷധ നിർമ്മാണത്തിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ശാസ്ത്രീയ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉത്പ്പാദിപ്പിക്കുന്നതിനുള്ള അന്തിമ ലൈസൻസിനായി ജമ്മു കശ്മീർ എക്സൈസ് വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ് CSIR. ശാസ്ത്രീയ കൃഷിക്കും ഗവേഷണത്തിനുമുള്ള പ്രാഥമിക അനുമതി 2017-ലാണ് ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചത്. ജമ്മുവിന് പുറമെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇപ്പോൾ ശാസ്ത്ര-ഗവേഷണ ആവശ്യങ്ങൾക്കായി നിയന്ത്രിത കഞ്ചാവ് കൃഷി അനുവദിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും ഇതിനായുള്ള നയരൂപീകരണത്തിന്റെ പാതയിലാണ്.
കർശന വ്യവസ്ഥകളോടെയാണ് കൃഷി അനുവദിച്ചിട്ടുള്ളത്. തുറസ്സായ സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ പാടില്ല. വേലികെട്ടി തിരിച്ചതും ജിയോ-ടാഗ് ചെയ്തതുമായ പോളിഹൗസുകളിലോ ഗ്രീൻഹൗസുകളിലോ മാത്രമേ കൃഷി അനുവദിക്കൂ. ഇതിനായി കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലം ആവശ്യമാണ്. പൂർണ്ണ സമയ സി.സി.ടി.വി നിരീക്ഷണവും അംഗീകൃത തദ്ദേശീയ വിത്തുകളുടെ ഉപയോഗവും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും നിലവിൽ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യാൻ നിയന്ത്രിത അനുമതിയുണ്ട്.
ഇന്ത്യയിലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമപ്രകാരം കഞ്ചാവ് ചെടിയുടെ പൂക്കളും കറയും ഉപയോഗിച്ചുള്ള ഗഞ്ച, ചരസ് എന്നിവയ്ക്ക് പൂർണ്ണ നിരോധനമുണ്ട്. എന്നാൽ, ചെടിയുടെ ഇലകളെയും വിത്തുകളെയും നിയമത്തിന്റെ കർശന പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഇളവ് പ്രയോജനപ്പെടുത്തിയാണ് ആയുഷ് ആയുർവേദ വിഭാഗങ്ങൾക്ക് കീഴിൽ നിയമാനുസൃതമായ ഔഷധ ഉൽപ്പന്നങ്ങളും വെൽനസ് ഫോർമുലേഷനുകളും രാജ്യത്ത് വികസിപ്പിക്കുന്നത്.
Published: 17 Nov 2026, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented