തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുതിപ്പ് മുഖ്യമന്ത്രി വി.ഡി.സതീശൻ പോലും നിനച്ചതല്ലെന്നും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലെന്നും മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ഒന്നാമത്തെ കാര്യം ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ജി.എസ്.ടി കൗൺസിൽ ഉയർത്തിയതാണ്. മറ്റൊന്ന് ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ ബ്രാഞ്ച് 600 കോടി രൂപയുടെ ഇൻപുട്ട് ക്രെഡിറ്റ് ഐ.ജി.എസ്.ടിയിൽ നിന്ന് എടുത്തതാണ്. ഇക്കാര്യം താൻ പരതിയപ്പോൾ കണ്ടെത്തിയെന്നും ഐസക് വ്യക്തമാക്കി. നികുതി വർദ്ധനയില്ലാതെ പണമിറക്കി വരുമാനം കൂട്ടി കേരളം' എന്ന പത്രവാർത്ത ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിലൂടെയായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.
ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം...
'നികുതി വർദ്ധനയില്ലാതെ പണമിറക്കി വരുമാനം കൂട്ടി കേരളം'' കുറച്ചുദിവസമായി വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൗതുക വാർത്തയാണിത്. മുഖ്യമന്ത്രി വി.ഡി. സതീശനാകട്ടെ, ഇത് വലിയ സിദ്ധാന്തവുമാക്കിയിട്ടുണ്ട്:
''നികുതി കൂട്ടാതെ, വിപണിയെ ഉത്തേജിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കുന്ന കെയ്നീഷ്യൻ സാമ്പത്തിക സമീപനമാണ് സ്വീകരിച്ചത്. സർക്കാർ ആറുമാസം തികയ്ക്കുന്നതോടെ വൻമാറ്റം ദൃശ്യമാകും.''
ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ. മുഖ്യമന്ത്രി വി.ഡി. സതീശൻ അല്ല ആര് വിചാരിച്ചാലും ജി.എസ്.ടി നികുതിയിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിയില്ല. അതിനു ജി.എസ്.ടി കൗൺസിൽ തന്നെ തീരുമാനിക്കണം. അതുകൊണ്ട് നികുതി കൂട്ടാത്തതിൽ വലിയ വമ്പ് പറയാതിരിക്കുന്നതാണ് ഭംഗി.
അടുത്തത്, വിപണിയെ ഉത്തേജിപ്പിക്കുന്ന കെയ്നീഷ്യൻ സാമ്പത്തിക സമീപനത്തെക്കുറിച്ചാണ്. അതിന്റെ അളവുകോല്‍ സർക്കാർ ചെലവും സംസ്ഥാന ജിഡിപിയും തമ്മിലുള്ള തോതാണ്. ഈ തോത് ഉയർന്നാൽ കെയിൻസ് പറഞ്ഞതുപോലെ സർക്കാരിന്റെ ധനനയം സാമ്പത്തിക ഉത്തേജനമാകും.
എന്താണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നൽകുന്ന സൂചന? കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സർക്കാരിന്റെ പ്രതീക്ഷിത മൊത്തം ചെലവ് 2.40 ലക്ഷം കോടി രൂപ. വി.ഡി. സതീശന്റെ പുതുക്കിയ ബജറ്റിൽ അത് 2.28 ലക്ഷം കോടി രൂപയായി കുറഞ്ഞു. സംസ്ഥാന ജിഡിപിയുമായുള്ള ബജറ്റ് ചെലവിന്റെ തോത് 14.73 ശതമാനത്തിൽ നിന്ന് 13.97 ശതമാനമായി കുറഞ്ഞു. ഭയങ്കരമാന കെയ്നീഷ്യൻ നയം തന്നെ!
ഇതിനു പുറമേ, കിഫ്ബിയിൽ നിന്നുള്ള ചെലവിലും ഗണ്യമായ ഇടിവ് നേരിടാൻ പോവുകയാണ്. ബജറ്റിലെ മൂലധനച്ചെലവിൽ വരുത്തിയ വർദ്ധന അതോടെ സ്വാഹയാകും.
ഉള്ളത് ഉള്ളതുപോലെ പറയണമല്ലോ. 2025 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ സർക്കാരിന്റെ മൊത്തം ചെലവ് 29838 കോടി രൂപ ആയിരുന്നു. ഇത് 2026 ൽ 37664 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. അതായത്, ഏതാണ്ട് 8000 കോടി രൂപയുടെ വർദ്ധനവ്. ചെലവിന്റെ 76 ശതമാനം റവന്യു വരുമാനത്തിൽ നിന്നാണ്. 24 ശതമാനം വായ്പയും.
എൽഡിഎഫ് സർക്കാർ വായ്പയെടുക്കുന്നതിനെക്കുറിച്ച് എന്തെല്ലാമായിരുന്നു പുകിൽ? ഇപ്പോൾ എന്താണ് സ്ഥിതി? 2025 ഏപ്രിൽ - സെപ്തംബർ ആദ്യ ആറുമാസം 30772 കോടി രൂപയാണ് വായ്പയെടുത്തത്. എന്നാൽ ഇതേ കാലയളവിൽ വിഡി സതീശൻ സർക്കാരോ വായ്പയെടുത്തിരിക്കുന്നത് 35467 കോടി രൂപയാണ്. ഏതാണ്ട് 4700 കോടി രൂപ അധികം.
എന്നിരുന്നാൽ തന്നെയും നികുതി വരുമാനത്തിലും ശ്രദ്ധേയമായ വർദ്ധനയുണ്ടായിട്ടുണ്ട്. 2025-26 ൽ 7 ശതമാനം മാത്രമാണ് ജി.എസ്.ടി വരുമാനം വർദ്ധിച്ചത്. എന്നാൽ 2026-27 ൽ സെപ്തംബർ മാസം വരെയുള്ള കാലയളവെടുത്താൽ സെറ്റിൽമെന്റിനു ശേഷമുള്ള മൊത്തം ജി.എസ്.ടി 18.8 ശതമാനം ഉയർന്നിട്ടുണ്ട്. ദേശീയ ശരാശരി 16.0 മാത്രമാണ്. ഇതിൽ വിഡി സതീശൻ പെരുമ്പറ മുഴക്കുന്നത് ഒക്ടോബർ മാസത്തെ നികുതി പിരിവിനെക്കുറിച്ചാണ്. അത് മുൻവർഷത്തെ അപേക്ഷിച്ച് 3689 കോടി രൂപ അധികമാണ്. അതായത് മുൻവർഷത്തെ അപേക്ഷിച്ച് ജി.എസ്.ടി വരുമാനം 26.6 ശതമാനം ഉയർന്നു.
ഏപ്രിൽ - ഒക്ടോബർ മാസങ്ങളിൽ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 20 ശതമാനം വർദ്ധിച്ചു. കർണാടക മാത്രമേ കേരളത്തിന് ഒപ്പമെത്തിയുള്ളൂ. തെലുങ്കാനയിലും ആന്ധ്രയിലും 18 ശതമാനം വീതമേ വർദ്ധിച്ചുള്ളൂ. ദേശീയ ശരാശരി 15 ശതമാനവും.
എന്താണ് ഇതിനു കാരണം? പൂവ് അറിയാതെ തേൻ നുകർന്ന സാമർത്ഥ്യമാണോ? ഇങ്ങനെയൊന്ന് സംഭവിക്കുന്നൂവെന്ന് ധനമന്ത്രിയായ വിഡി സതീശൻപോലും നിനച്ചതല്ല. ഒക്ടോബറിലെ കുതിപ്പിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്, ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ജി.എസ്.ടി കൗൺസിൽ ഉയർത്തി. സർക്കാരിന്റെ ലോട്ടറി ലാഭത്തിൽ കുറവുണ്ടാകുമെങ്കിലും നികുതി വരുമാനത്തിൽ വർദ്ധനവുണ്ടാകും.
രണ്ട്, ഐ.ജി.എസ്.ടിയിൽ നിനച്ചിരിക്കാതെ ഒരു കുതിപ്പുണ്ടായി. എങ്ങനെ? ഐ.ജി.എസ്.ടി ചോർച്ച കുറയ്ക്കുന്നതിനുള്ള പല നടപടികൾ കഴിഞ്ഞ 1-2 വർഷമായി ജി.എസ്.ടി കൗൺസിൽ സ്വീകരിച്ചുവരികയായിരുന്നു. ഇത് കേരളത്തിന്റെ ഐ.ജി.എസ്.ടി വരുമാനത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, പെട്ടെന്ന് ഒക്ടോബർ മാസത്തിൽ എന്താണ് ഉണ്ടായത്?
പരതിയപ്പോൾ ഒരു കാര്യം പുറത്തുവന്നു. ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ ബ്രാഞ്ച് 600 കോടി രൂപയുടെ ഇൻപുട്ട് ക്രെഡിറ്റ് ഐ.ജി.എസ്.ടിയിൽ നിന്ന് എടുത്തു. എന്നാൽ ഒക്ടോബർ മാസത്തിൽ അവർ ഈ അധിക ഇൻപുട്ട് തിരിച്ചടച്ചു. ഈ തിരിച്ചടവ് ഐ.ജി.എസ്.ടി ആയല്ല സ്ഥാപനം പ്രവർത്തിക്കുന്ന സംസ്ഥാനത്തിലെ സി.ജി.എസ്.ടിയുമായും എസ്.ജി.എസ്.ടിയുമായും പങ്കുവയ്ക്കുന്നതാണ് രീതി. അങ്ങനെ ബൈബിളിൽ പറയുന്നതുപോലെ ആകാശത്തു നിന്നും വീണുകിട്ടിയ മന്ന പോലുള്ള പണമാണിത്. ഇതാണ് ഒക്ടോബറിലെ കുതിപ്പിനു കാരണം.
ജി.എസ്.ടി വരുമാനം നിശ്ചമായിട്ടും ഇനിയും മെച്ചപ്പെടും. ജി.എസ്.ടിയിൽ ചേർന്നകാലം മുതൽ ഞാൻ പറഞ്ഞിരുന്ന നിലപാട് ഇതാണ്. മറ്റെല്ലാ ഉപഭോക്തൃ സംസ്ഥാനങ്ങളുടെയും വരുമാനം ഗണ്യമായി ഉയർന്നു. എന്നാൽ കേരളത്തിന്റേത് ഉയർന്നില്ല. കാരണം, മറ്റ് ഉപഭോക്തൃ സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ ഉപഭോഗത്തിൽ നല്ലൊരു പങ്ക് പുറത്തുനിന്നും വരുന്നവയാണ്. അന്തർസംസ്ഥാന വ്യാപാരത്തിന്റെ മേൽ ചുമത്തുന്നത് ഐ.ജി.എസ്.ടിയാണ്. എന്നാൽ ഐ.ജി.എസ്.ടി ചോർച്ചയുടെ പഴുതുകൾ ഇനിയും അടച്ചുതീർന്നിട്ടില്ല. ഇതിന് ജി.എസ്.ടി കൗൺസിലിൽ ശക്തമായ ഇടപെടലുകൾ കൂടിയേതീരൂ.
തെരഞ്ഞെടുപ്പിനു മുമ്പ് വിഡി സതീശൻ പറഞ്ഞതുപോലെ 25000 കോടി രൂപയുടെ കുടിശിക പിരിക്കാനും 15000 കോടി രൂപയുടെ സ്വർണ്ണ നികുതി പിരിക്കാനോ ഒരു പരിപാടിയും ഇതുവരെ കണ്ടില്ല. അവ അന്നത്തെ വാചകമടി. ഇവ ഇന്നത്തെയും.
Content Highlights: Kerala's October tax revenue saw an unexpected surge, not due to government policy., GST council increased lottery tax from 28% to 40%., A major company refunded Rs 600 crore in input credit under IGST., Thomas Isaac criticized the current government's claims on Keynesian economic policies.
Published: 17 Nov 2026, 06:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented