ഏപ്രിലിൽ എസ്‌ഐആർ പൂർത്തിയായപ്പോൾ 2.05 കോടി വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്

ലഖ്നൗ: തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം (എസ്‌ഐആർ) പൂർത്തിയായ ഉത്തർപ്രദേശിൽ സ്‌പെഷ്യൽ സമ്മറി റിവിഷന്റെ (എസ്എസ്ആർ) കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്. 18.84 ലക്ഷം പേരാണ് കരട് പട്ടികയിൽ അധികമായി ഇടംപിടിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 13.58 കോടി കടന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവയാണ് കരട് പട്ടിക പുറത്തിറക്കവെ ഈ കണക്കുകൾ അറിയിച്ചത്.
ഈ വർഷം ഏപ്രിൽ 10-നാണ് ഉത്തർപ്രദേശിൽ എസ്‌ഐആർ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് സംസ്ഥാനത്ത് 13,39,84,792 വോട്ടർമാരാണുണ്ടായിരുന്നത്. എന്നാൽ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇത് 13,58,68,905 ആയി ഉയർന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ 18,84,113 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. പുതിയ പട്ടികയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലും വർധനയുണ്ടായി.
സംസ്ഥാനത്തെ 75 ജില്ലകളിലെയും 403 നിയമസഭാ മണ്ഡലങ്ങളിലെയും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ പേരില്ലാത്ത അർഹരായവർക്ക് പേര് ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്താനും അവസരമുണ്ട്. ഇതിനായി നവംബർ 17 മുതൽ ഡിസംബർ 16 വരെ അപേക്ഷകളും പരാതികളും സമർപ്പിക്കാം. പട്ടികയിൽനിന്ന് അനർഹരുടെ പേരുകൾ നീക്കണമെന്ന് ആവശ്യപ്പെടാനും ഈ കാലയളവിൽ സാധിക്കും.
പുതുതായി പേര് ചേർക്കാൻ ഫോം 6 ആണ് സമർപ്പിക്കേണ്ടത്. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ നിലവിലുള്ള ഏതെങ്കിലും പേരിനെതിരെ പരാതി നൽകാനോ ഫോം 7 ഉപയോഗിക്കാം. വോട്ടറുടെ പേരിലോ വിലാസത്തിലോ മറ്റ് വിവരങ്ങളിലോ തിരുത്തൽ വരുത്താൻ ഫോം 8 സമർപ്പിക്കണം. അപേക്ഷകൾ നൽകുന്നതിനും വിവരങ്ങൾ ശരിയാക്കുന്നതിനും സഹായവുമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ഉണ്ടാകും.
സംസ്ഥാനത്തെ വിവിധ പോളിങ് ബൂത്തുകളിൽ പ്രത്യേക പേര് ചേർക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. നവംബർ 21, 22, 28, 29 തീയതികളിലാണ് ക്യാമ്പുകൾ നടക്കുക. ഈ ദിവസങ്ങളിൽ വോട്ടർമാർക്ക് നേരിട്ടെത്തി പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ആവശ്യമായ സഹായം തേടാം. ലഭിക്കുന്ന അപേക്ഷകളും പരാതികളും ഡിസംബർ 28-നകം തീർപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇതിന് ശേഷമാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. 2027 ജനുവരി നാലിനാണ് അന്തിമ പട്ടിക പുറത്തിറക്കുക.
രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. എന്നാൽ സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരുടെ ആകെ എണ്ണവും വോട്ടർപട്ടികയിലുള്ളവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള ഏകദേശം 16.16 കോടി ആളുകളുണ്ട്. എന്നാൽ നിലവിൽ വോട്ടർപട്ടികയിലുള്ളത് ഏകദേശം 13.58 കോടി പേർ മാത്രമാണ്.
പുതുതായി വോട്ട് ചെയ്യാൻ അർഹത നേടുന്ന യുവാക്കളുടെ കാര്യത്തിലാണ് ഈ വ്യത്യാസം കൂടുതൽ പ്രകടം. നേരത്തെയുള്ള തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം 18-നും 19-നും ഇടയിൽ പ്രായമുള്ളവരുടെ പ്രതീക്ഷിത എണ്ണത്തിൽ ഏകദേശം 23 ശതമാനം പേർ മാത്രമാണ് വോട്ടർപട്ടികയിൽ ഇടംപിടിച്ചിരുന്നത്. അതിനാൽ കൂടുതൽ യുവാക്കളെ പട്ടികയിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക ശ്രമം നടത്തുന്നുണ്ട്. 2027 ജനുവരി ഒന്നിനകം 18 വയസ്സ് തികയുന്നവർക്കും ഇപ്പോൾ പേര് ചേർക്കാൻ അപേക്ഷിക്കാം. അർഹരായ എല്ലാ യുവാക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കമ്മിഷൻ അറിയിച്ചു.
2025 ഒക്ടോബറിൽ ആരംഭിച്ച എസ്‌ഐആർ നടപടികൾ ഉത്തർപ്രദേശിലെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. ഈ പരിശോധന തുടങ്ങുന്നതിന് മുൻപ് സംസ്ഥാനത്ത് ഏകദേശം 15.44 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടായിരുന്നു. എന്നാൽ പരിശോധനയ്ക്കുശേഷം 2026 ഏപ്രിൽ 10-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 13.39 കോടിയായി കുറഞ്ഞു. അതായത് 2.05 കോടി വോട്ടർമാരെയാണ് എസ്ഐആറിലൂടെ നീക്കം ചെയ്തത്. ഇപ്പോൾ നടന്ന എസ്എസ്ആറിലൂടെ അർഹരായ കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് കമ്മിഷൻ പറയുന്നത്.
Content Highlights: Uttar Pradesh's Special Summary Revision draft roll added 18.84 lakh voters compared to April's Special Intensive Revision list, bringing the total electorate to 13.58 crore after 2.05 crore earlier deletions.
Published: 17 Nov 2026, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented