ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താനിലേക്ക് കടക്കുന്നതിനു മുമ്പ് ബിഎസ്എഫ് ജവാന്‍മാരോട് താന്‍ ഹരിയാണ ബിജെപിയില്‍ നിന്നാണെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജ്യോതിയുടെ വ്‌ളോഗില്‍ നിന്നുള്ള ഇതിന്റെ ദൃശ്യങ്ങള്‍ ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തേ പങ്കുവെച്ച ദൃശ്യങ്ങള്‍ ഇപ്പോഴാണ് വൈറലാകുന്നത്.

To advertise here,

പാകിസ്താനിലേക്ക് വാഗ അട്ടാരി അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പ്രവേശിക്കും മുമ്പുള്ള സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് ഇവര്‍ പരിശോധന നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയ ശേഷം ഹരിയാണ ബിജെപിയില്‍ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത്. 'ഇന്ത്യന്‍ ഗേള്‍ ഇന്‍ പാകിസ്താന്‍' എന്ന പേരില്‍ ഒരു ട്രാവല്‍ സീരീസ് ജ്യോതി മല്‍ഹോത്രയുടെ 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിലുണ്ട്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഇക്കഴിഞ്ഞ മേയിലാണ് ജ്യോതി മല്‍ഹോത്രയടക്കം ആറുപേര്‍ പിടിയിലാകുന്നത്. 2023-ല്‍ ഇവര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ അംഗമായിരുന്ന ഡാനിഷുമായി പരിചയത്തിലായത്. ഇയാള്‍ പിന്നീട് ജ്യോതിയെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ട പലര്‍ക്കും പരിചയപ്പെടുത്തിനല്‍കിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ഡാനിഷുമായും ഇയാള്‍ മുഖേന പരിചയപ്പെട്ട പാക് ചാരസംഘടനയിലെ ഷാക്കിര്‍ എന്ന റാണ ഷഹബാസുമായും വാട്സാപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ജ്യോതി ആശയവിനിമയം നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ജ്യോതി ഇവര്‍ക്ക് കൈമാറിയതായാണ് വിവരം.