ന്യൂഡൽഹി: വീട്ടിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ട് ചോദ്യംചെയ്ത് ജസ്റ്റിസ് യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചാണ് ഹർജി കേൾക്കുന്നത്. പാർലമെന്റിൽ ജസ്റ്റിസ് വർമയ്ക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കങ്ങൾ നടക്കുന്നതിനിടെയാണിത്.

To advertise here,

കേസിൽ പ്രമുഖ അഭിഭാഷകരുടെ വൻനിരതന്നെ ജസ്റ്റിസ് വർമയ്ക്കുവേണ്ടി ഹാജരായേക്കും. ഹർജി ഉടൻ പരിഗണിക്കണമെന്ന് അഭ്യർഥിക്കാനായിമാത്രം കഴിഞ്ഞതവണ കപിൽ സിബൽ, മുൻ അറ്റോർണി ജനറൽകൂടിയായ മുകുൾ റോഹ്തഗി, രാകേഷ് ദ്വിവേദി, സിദ്ധാർഥ്‌ ലൂത്ര, സിദ്ധാർഥ്‌ അഗർവാൾ തുടങ്ങിയവർ ജസ്റ്റിസ് വർമയ്ക്കുവേണ്ടി എത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച, മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികൾ നീതിയുക്തമല്ലെന്നും തന്നെ നീക്കണമെന്ന മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാർശ ഭരണഘടനാവിരുദ്ധമാണെന്നുമാണ് ജസ്റ്റിസ് വർമയുടെ വാദം.