
ന്യൂഡൽഹി: അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയെന്നത് കൊണ്ടുമാത്രം വിദ്യാർഥികളെ ഭീഷണിപ്പെടുത്താനോ ശിക്ഷാനടപടികൾക്ക് വിധേയരാക്കാനോ പാടില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ പൗരത്വത്തിന്റെ കാതൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ എൽഎൽഎം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ.
'ജനാധിപത്യത്തിൽ, ചോദ്യം ചെയ്യാനുള്ള അവകാശം എന്നത് ധിക്കാരപൂർണമായ സംഗതിയല്ല. അത് പൗരത്വം, സ്വാതന്ത്ര്യം, ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നിവയുടെ അനിവാര്യമായ പ്രകടിപ്പിക്കലാണ്. അതുകൊണ്ട്, വിദ്യാർഥികൾ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുമ്പോഴോ അവരെ ഭീഷണിപ്പെടുത്താൻ കഴിയില്ല. അവരെ ശിക്ഷാനടപടികൾ കാണിച്ച് ഭയപ്പെടുത്താനാകില്ല. അത് ഭരണഘടനാവിരുദ്ധമാണ്. അത് അധികാരത്തിന്റെയും പദവിയുടെയും ദുർവിനിയോഗമാണ്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു.
ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണായ ഇന്ത്യയിൽ അസഹിഷ്ണുത നിറഞ്ഞ മനസ്സിന് ഇടമില്ലെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. നമ്മുടെ ഭരണഘടന സംസാരിക്കാനും ചിന്തിക്കാനും വ്യത്യസ്തമായി വിശ്വാസം പിന്തുടരാനുമുള്ള സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നുണ്ട്. ഭിന്നത അല്ലെങ്കിൽ വിയോജിപ്പിനെ ന്യായപൂർണമായ അഭിപ്രായവ്യത്യാസമായി പരിഗണിക്കാതിരിക്കുകയും അവ നിശ്ശബ്ദമാക്കപ്പെടേണ്ടതോ നിരസിക്കപ്പെടേണ്ടതോ അല്ലെങ്കിൽ ശിക്ഷിക്കപ്പെടേണ്ടതോ ആയി കണക്കാക്കുകയും ചെയ്യുമ്പോൾ അസഹിഷ്ണുത ആ വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ആരംഭിക്കും. അതിനാൽ, അഭിപ്രായവ്യത്യാസങ്ങളോടെ ജീവിക്കാനുള്ള ശേഷി കേവലം ഒരു സാമൂഹികഗുണമല്ല. അത് ഒരു വിശാല ഭരണഘടനാ ജനാധിപത്യത്തിന്റെ കാതലാണ്, അദ്ദേഹം പറഞ്ഞു.
Content Highlights: Dissenting students should not be threatened or penalized by authorities., The right to question is the core of democratic citizenship., Intolerance weakens the constitutional framework of India., Freedom of speech and thought is protected by the Indian Constitution.
Published: 30 Aug 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented