
ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസികൾ. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് (JeM) ഭീകരസംഘടനയുമായി ബന്ധമുള്ള പ്രതിയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡൽഹി-എൻസിആർ മേഖലയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിൽ ഉമർ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
സോഷ്യൽ മീഡിയയിൽ 'ഉമർ' എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്നും ഇതിയാളുടെ യഥാർത്ഥ പേരാണോ എന്ന് സംശയമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാൾ നിരവധി യുവാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുകയും ഭീകരപ്രവർത്തനങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതിയെ പിന്നീട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന് കൈമാറിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നേരത്തെ, ഗുജറാത്തിലെ വഡോദരയിൽ നിന്ന് എകെ-47 റൈഫിളുമായി അറസ്റ്റിലായ ജെയ്ഷെ പ്രവർത്തകനുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അന്വേഷിച്ചുവരുന്നുണ്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പിന്തുണയ്ക്കുന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഒരു ഡിജിറ്റൽ ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതിയുമായി ബന്ധമുള്ള നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ കൂടുതൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പാകിസ്താനിൽ ഉണ്ടെന്ന് കരുതപ്പെടുന്ന ഇയാളുടെ ഹാൻഡ്ലറെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് സമാനമായ ആക്രമണം ആവർത്തിക്കാൻ, പാക് പിന്തുണയുള്ള ഈ ഭീകര സംഘം ശ്രമിച്ചേക്കാം എന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നതായാണ് വിവരം.
വെള്ളിയാഴ്ച ഗുജറാത്തിലെ വഡോദരയിൽവെച്ച് ഗുജറാത്ത് ആന്റി-ടെററിസം സ്‌ക്വാഡ് (ATS) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് പ്രവർത്തകനുമായി ഈ പ്രതിക്ക് ബന്ധമുണ്ടോ എന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പരിശോധിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനൊടുവിലാണ് അസം സ്വദേശിയായ എം.ഡി. സഹാറുൽ ഇസ്ലാം എന്നയാളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്.
വഡോദര ജില്ലയിലെ ജാറോഡ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ഇയാളിൽ നിന്ന് ഒരു എകെ-47 റൈഫിളും 23 വെടിയുണ്ട നിറച്ച തിരകളും (live cartridges) പിടിച്ചെടുത്തിരുന്നു. ഒരാൾ അനധികൃത ആയുധങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് എടിഎസ് ഓപ്പറേഷൻ നടത്തിയത്. ഇയാൾ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളയാളാണെന്ന് എടിഎസ് സ്ഥിരീകരിച്ചു.
ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്ന് കണ്ടെത്താനും, ഗുജറാത്തിലെ ഇയാളുടെ ശൃംഖല തിരിച്ചറിയാനും, ഈ ആയുധങ്ങൾ ആർക്ക് നൽകാനാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനും എടിഎസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രണ്ട് പ്രതികളും തമ്മിൽ ബന്ധമുണ്ടോ എന്നും ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട വലിയ റിക്രൂട്ട്മെന്റ് അല്ലെങ്കിൽ പ്രവർത്തന ശൃംഖലയുടെ ഭാഗമാണോ ഇവർ എന്നും ഡൽഹി പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Indian security agencies thwarted a major terror plot in Delhi, arresting an individual linked to the Pakistan-based Jaish-e-Mohammed (JeM) group, who allegedly used social media to recruit and incite youth towards terrorism. The arrested suspect, known as 'Umar' on social media, was handed over to Delhi Police Special Cell, which is investigating potential connections to another JeM operative arrested in Gujarat with an AK-47 rifle. Efforts are ongoing to identify the suspect's handler believed to be in Pakistan, and to determine any links between the two arrested individuals and a larger recruitment or operational network associated with JeM.
Published: 28 Nov 2026, 12:36 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented