റോത്തക്: ഹരിയാനയിലെ റോഹ്തക്കിൽ മിലാൻ ധാബയിൽ നാലുപേർ കൊല്ലപ്പെട്ട വെടിവെപ്പിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗാങ്സ്റ്റർ സണ്ണി റിറ്റോലിയയുടെ കാമുകി ജാൻവി എതിർവിഭാഗമായ ഭാവു റിറ്റോലിയ ഗാങ്ങിനായി ചാരപ്പണി ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രമണത്തിൽ നാല് യുവാക്കൾ കൊല്ലപ്പെട്ടെങ്കിലും ധാബയുടെ പിൻവാതിലിലൂടെ സണ്ണി രക്ഷപ്പെടുകയായിരുന്നു.

To advertise here,

സണ്ണിയുടെ നീക്കങ്ങൾ രഹസ്യമായി ചോർത്തി എതിർസംഘത്തിന് കൈമാറാൻ വേണ്ടി മാത്രം, മൂന്ന് മാസം മുമ്പ് പ്രത്യേകം പദ്ധതി തയ്യാറാക്കി ജാൻവിയെ തന്ത്രപരമായി (ഹണിട്രാപ്പ്) സണ്ണിയുടെ ജീവിതത്തിലേക്ക് എത്തിച്ചതാണ് എന്നാണ് പോലീസ്  വ്യക്തമാക്കുന്നത്. സണ്ണിയുടെ വിശ്വാസം പിടിച്ചെടുത്തശേഷം അദ്ദേഹം മിലാൻ ധാബയിലുണ്ടെന്ന ലൊക്കേഷൻ വിവരം ജാൻവി എതിർസംഘത്തിന് കൈമാറുകയായിരുന്നു.

അങ്ങനെയാണ് അക്രമികൾ സണ്ണി ധാബയിൽ ഉണ്ടായിരുന്ന കൃത്യസമയത്ത് അവിടെയെത്തി വെടിവെപ്പ് നടത്തിയത്. വിവരം ചോർത്തി നൽകിയതിന് പ്രതിഫലമായി ജാൻവി പിറ്റേദിവസംതന്നെ ബാങ്കോക്കിലേക്ക് കടന്നു. യുവതിയുടെ കുടുംബത്തിന് സമാനമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കുപ്രസിദ്ധ വനിതാ ഗുണ്ടാനേതാവായ ബാബ്ലി ദേവിയുടെ മകളാണ് ജാൻവി എന്ന വിവരവും പോലീസ് പങ്കുവെച്ചു.

കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ കരാർ

വെടിവെപ്പ് നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജാൻവി ഇന്ത്യ വിട്ടു എന്നതാണ് അന്വേഷണത്തിലെ മറ്റൊരു നിർണായക വഴിത്തിരിവ്. സണ്ണിയുടെ വിവരങ്ങൾ നൽകുന്നതിന് പകരം രാജ്യം വിടാൻ സഹായിക്കാമെന്ന് എതിർസംഘവുമായി ജാൻവി കരാറിലേർപ്പെട്ടിരുന്നതായാണ് വിവരം. സംഭവദിവസം അർധരാത്രി 12:30-ഓടെയാണ് കൊലപാതകം നടന്നത്. തൊട്ടടുത്ത ദിവസം രാവിലെതന്നെ ജാൻവി ബാങ്കോക്കിലേക്കുള്ള വിമാനത്തിൽ കയറി.

പോലീസ് ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിമ്പോഴേക്കും ജാൻവി രാജ്യം വിട്ടിരുന്നു. ആക്രമണം നടത്തിയ അഞ്ച് അക്രമികളിൽ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാൻവിയുടെ പിതാവും അമ്മാവനും ഉത്തർപ്രദേശിലെ ഒരു ഗുണ്ടാസംഘത്താൽ കൊല്ലപ്പെട്ടതടക്കമുള്ള പഴയ കുറ്റകൃത്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആരാണ് ജാൻവി?

ഉത്തർപ്രദേശിലെ കുപ്രസിദ്ധ 'ലേഡി ഡോൺ' ബാബ്ലി ദേവിയുടെ മകളാണ് ജാൻവി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ച ബാബ്ലി പിന്നീട് സ്വന്തമായി ഗുണ്ടാസംഘം രൂപീകരിക്കുകയായിരുന്നു. കൊലപാതകം, കവർച്ച, തട്ടിയെടുക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ തുടങ്ങിയ കേസുകളിൽ പ്രതിയായ ബാബ്ലിയുടെ തലയ്ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ബാബ്ലി മുൻപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജാൻവിയുടെ പിതാവ് വിവേക് (വിക്കി മലിക്) ഈ വർഷം മാർച്ച് മാസം ബാഗ്പതിൽ ഒരു വിവാഹച്ചടങ്ങിൽവെച്ചാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. ഹരിയാനയിലെ പാനിപ്പത്തിൽ വിവാഹിതയായി കഴിയുകയായിരുന്ന ജാൻവി പിന്നീട് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു.